ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റായ ഗാബ സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യൻ സ്പിന്നര്‍ ആര്‍ അശ്വിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍. വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ അശ്വിന് പരമ്പര തീരുന്നതുവരെ കാത്തിരിക്കാമായിരുന്നുവെന്ന് ഗവാസ്കര്‍ മത്സരത്തിന് ശേഷം കമന്‍ററിയില്‍ പറഞ്ഞു.
2014-2015 പരമ്പരക്കിടെ എം എസ് ധോണി വിമരിക്കല്‍ പ്രഖ്യാപിച്ചതിന് സമാനമാണ് അശ്വിന്‍റെ ഈ വിരമിക്കലും. അദ്ദേഹത്തിന് ടീം മാനേജ്മെന്‍റിനോട് ഇത് നേരത്തെ പറയാമായിരുന്നു. മുമ്പ് ധോണി ചെയ്തതും ഇതായിരുന്നു. ടീമിൽ ഇത് മൂലം ഒരാളുടെ കുറവാണ് ഉണ്ടാകുന്നതെന്നും ഗാവസ്‌കർ പറഞ്ഞു.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായ മെൽബണിലാണ് അടുത്ത മത്സരം നടക്കുന്നത്. ഒരു രണ്ടാം സ്പിന്നർ കൂടി ഇന്ത്യ അവിടെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. അവിടെ അശ്വിനാകുമോ ഇന്ത്യയുടെ ഒപ്‌ഷൻ എന്ന് എനിക്ക് അറിയില്ല. എങ്കിലും പരമ്പര കഴിയുന്നത് വരെ കാത്തിരിക്കാമായിരുന്നു, ഗാവസ്‌കർ പറഞ്ഞു.
അതേ സമയം അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി അശ്വിൻ കളിചിരുന്നെങ്കിലും മികവ് പുലർത്താനായിട്ടില്ല. ഇതോടെ ബ്രിസ്ബേനിൽ താരത്തെ മാറ്റി നിർത്തി. അശ്വിന് ബ്രിസ്ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ടെസ്റ്റിന്‍റെ അഞ്ചാം ദിനത്തിലെ കളിക്കുശേഷം അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാര്‍ത്താ സമ്മേളനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്‍റെ പേരിലുള്ളത്. ആറ് സെഞ്ചുറികളും 16 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. നിലവിൽ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ അഞ്ചാമതും ഓൾ റൗണ്ടർ റാങ്കിങ്ങിൽ മൂന്നാമതുമാണ്.
Content Highlights: Gavasker disagree with timing of retirment of ashwin