'പെര്‍ത്ത് ടെസ്റ്റില്‍ തന്നെ അശ്വിന്‍ വിരമിക്കാന്‍ തീരുമാനിച്ചിരുന്നു'; വെളിപ്പെടുത്തി രോഹിത്

അശ്വിന്‍ ടീം വിട്ട് നാളെ നാട്ടിലേക്ക് മടങ്ങുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ അറിയിച്ചു

dot image

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ സഹതാരത്തിന്റെ വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

അശ്വിന്‍ പെര്‍ത്ത് ടെസ്റ്റിനിടെ വിരമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും താന്‍ നിര്‍ബന്ധിച്ചാണ് ആ തീരുമാനം വൈകിച്ചതെന്നും രോഹിത് മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ സഹതാരങ്ങള്‍ എന്ന നിലയില്‍ മാനിക്കണമെന്നും രോഹിത് ശര്‍മ വ്യക്തമാക്കി. അശ്വിന്‍ ടീം വിട്ട് നാളെ നാട്ടിലേക്ക് മടങ്ങുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ അറിയിച്ചു.

'ഞാന്‍ പെര്‍ത്തില്‍ എത്തിയപ്പോഴാണ് അശ്വിന്‍ വിരമിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞത്. എന്നാല്‍ അഡലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ കൂടി ടീമിനൊപ്പം തുടരണമെന്ന് ഞാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയായിരുന്നു', സ്പിന്‍ മാന്ത്രികന്റെ വിരമിക്കലിനെ കുറിച്ച് ചോദിച്ചപ്പോള്‍ രോഹിത് പറഞ്ഞു.

'തന്റെ തീരുമാനത്തെക്കുറിച്ച് അശ്വിന് വളരെ ഉറപ്പുണ്ടായിരുന്നു. ചില തീരുമാനങ്ങള്‍ വളരെ വ്യക്തിപരമാണ്. അതിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഒരു കളിക്കാരന്‍ വിരമിക്കണമെന്ന് തീരുമാനിച്ചാല്‍ അതിന് അനുവദിക്കണം. അവന്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ടീമിന്റെ പൂര്‍ണമായ പിന്തുണയുമുണ്ട്', രോഹിത് പറഞ്ഞു.

'അശ്വിന്‍ പോയാല്‍ അത് വലിയ വിടവ് തന്നെയായിരിക്കും. എന്നാല്‍ ഒരു ടീം എന്ന നിലയില്‍ പുനഃസംഘടിപ്പിച്ച് മുന്നോട്ടുപോവേണ്ടത് ഇപ്പോള്‍ അനിവാര്യമാണ്. ഇനി എങ്ങനെ മുന്നോട്ട് പോകണം എന്ന് ചിന്തിക്കാന്‍ ഞങ്ങള്‍ക്ക് കുറച്ച് സമയമുണ്ട്', മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് വ്യക്തമാക്കി.

Content Highlights: Rohit Sharma reveals how he convinced Ravichandran Ashwin to delay international retirement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us