സയിം അയൂബിന് സെഞ്ച്വറി, ബാറ്റിങ്ങിലും തിളങ്ങി സല്‍മാന്‍ അഗ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്താന് വിജയം

ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും സല്‍മാന്‍ തിളങ്ങി

dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്താന് വിജയം. ദക്ഷിണാഫ്രിക്കയിലെ ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് പാക് പട വിജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ മറികടന്നു.

ഓപണര്‍ സയിം അയൂബിന്റെയും സല്‍മാന്‍ അലി അഗയുടെയും നിര്‍ണായക ഇന്നിങ്‌സാണ് പാക് പടയ്ക്ക് വിജയം സമ്മാനിച്ചത്. സയിം അയൂബ് (109) സെഞ്ച്വറി നേടി തിളങ്ങിയപ്പോള്‍ സല്‍മാന്‍ പുറത്താകാതെ 82 റണ്‍സ് അടിച്ചെടുത്ത് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചു. ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും സല്‍മാന്‍ തിളങ്ങി. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലെത്താനും പാക് പടയ്ക്ക് സാധിച്ചു.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് അടിച്ചെടുത്തു. 97 പന്തില്‍ 86 റണ്‍സ് അടിച്ചെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയുമാണ് ക്ലാസന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ടോണി ഡി സോര്‍സി (25 പന്തില്‍ 33 റണ്‍സ്), റയാന്‍ റിക്കിള്‍ട്ടണ്‍ (38 പന്തില്‍ 36 റണ്‍സ്), ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം (54 പന്തില്‍ 35 റണ്‍സ്) എന്നിവര്‍ ഭേദപ്പെട്ട സംഭാവന നല്‍കി. പാകിസ്താന് വേണ്ടി സല്‍മാന്‍ അഗ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അബ്രാര്‍ അഹ്‌മദ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ സയിം അയൂബും സല്‍മാന്‍ അലി അഗയും പാകിസ്താന് വേണ്ടി പൊരുതി. 119 പന്തില്‍ 109 റണ്‍സെടുത്ത സയിം 41.2 ഓവറിലാണ് പുറത്തായത്. മൂന്ന് സിക്‌സും പത്ത് ബൗണ്ടറിയും അടങ്ങുന്ന ഗംഭീര ഇന്നിങ്‌സാണ് സയിം കാഴ്ച വെച്ചത്. ഓപണര്‍ അബ്ദുള്ള ഷഫീഖ് ഡക്കായി പുറത്തായപ്പോള്‍ 38 പന്തില്‍ 23 റണ്‍സെടുത്ത് ബാബര്‍ അസം ഭേദപ്പെട്ട സംഭാവന നല്‍കി.

പിന്നീടെത്തിയ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (1), കമ്രാന്‍ ഗുലാം (4), ഇര്‍ഫാന്‍ ഖാന്‍ നിയാസി (1), ഷഹീന്‍ അഫ്രീദി (0) എന്നിവര്‍ നിരാശപ്പെടുത്തി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും സല്‍മാന്‍ അഗ ക്രീസിലുറച്ചുനിന്ന് പാക് സ്‌കോര്‍ ഉയര്‍ത്തി. 90 പന്തില്‍ പുറത്താകാതെ 82 റണ്‍സെടുത്ത സല്‍മാന്‍ പാകിസ്താനെ വിജയത്തിലെത്തിച്ചു. രണ്ട് സിക്‌സും നാല് ബൗണ്ടറിയുമാണ് സല്‍മാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 17 പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് നസീം ഷായും പുറത്താകാതെ നിന്നു.

Content Highlights: SA vs PAK 1st ODI: Pakistan beats South Africa by three wickets to take 1-0 series lead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us