'വായകൊണ്ടല്ല, ബാറ്റുകൊണ്ടാണ് സംസാരിക്കേണ്ടത്'; ജയ്‌സ്വാളിന് മുന്നറിയിപ്പ് നല്‍കി ഗാവസ്‌കര്‍

ബോര്‍ഡര്‍- ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിനിടെ ഓസീസിന്‍റെ സ്റ്റാർക്കിനെ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തത് വാര്‍ത്തയായിരുന്നു

dot image

ഇന്ത്യന്‍ യുവ ഓപണര്‍ യശസ്വി ജയ്‌സ്വാളിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിനിടെ ഓസീസ് താരം മിച്ചല്‍ സ്റ്റാർക്കിനെ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തത് വാര്‍ത്തയായിരുന്നു. പെര്‍ത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയെങ്കിലും ജയ്‌സ്വാള്‍ പിന്നീട് സ്റ്റാർക്കിന് മുന്നില്‍ അടിയറവ് പറയുന്നതാണ് കാണാനായത്. ഇതിന് പിന്നാലെയാണ് യുവ ഓപണര്‍ക്ക് ശക്തമായ താക്കീത് നല്‍കി ഗാവസ്‌കര്‍ രംഗത്തെത്തിയത്.

'ഗ്രൗണ്ടില്‍ നിങ്ങള്‍ ബാറ്റുകൊണ്ടാണ് സംസാരിക്കേണ്ടത്. അല്ലാതെ വായകൊണ്ടല്ല. ഒരു എതിരാളി നിങ്ങളോട് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മറുപടി നല്‍കാം. എന്നാല്‍ ആ സംഭാഷണം ഒരിക്കലും നിങ്ങള്‍ തുടങ്ങിവെക്കാന്‍ നിൽക്കരുത്. നിങ്ങള്‍ക്കും കനത്ത തിരിച്ചടി ലഭിക്കുമെന്ന് ഓര്‍ക്കുക. മറ്റുകാര്യങ്ങളേക്കാള്‍ കൂടുതല്‍ ജയ്‌സ്വാള്‍ സ്വന്തം ബാറ്റിങ്ങില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു', സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവേ ഗാവസ്‌കര്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഡക്കിന് പുറത്തായ ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി തിരിച്ചുവന്നിരുന്നു. ഇതിനിടെയായിരുന്നു സ്റ്റാർക്കിനെ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തത്. 'താങ്കള്‍ക്ക് ഒട്ടും വേഗതയില്ല, സ്ലോ ബോളാണ് എറിയുന്നത്' എന്നായിരുന്നു ജയ്സ്വാള്‍ പറയുന്നത്. അന്ന് 297 പന്തില്‍ 161 റണ്‍സെടുത്ത ജയ്‌സ്വാളിനെ മിച്ചല്‍ മാര്‍ഷാണ് പുറത്താക്കിയത്.

എന്നാല്‍ അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ജയ്‌സ്വാളിന് സ്റ്റാർക്കിന്‍റെ മറുപടിയെത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപണ്‍ ചെയ്ത ജയ്‌സ്വാള്‍ ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 31 പന്തില്‍ 24 റണ്‍സെടുത്ത താരത്തെ സ്‌കോട്ട് ബോളണ്ട് പുറത്താക്കി. മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന് ഓസീസിനോട് പരാജയം വഴങ്ങുകയും ചെയ്തു. ഓസീസും ഇന്ത്യയും സമനിലയില്‍ പിരിഞ്ഞ മൂന്നാം ടെസ്റ്റിലും ജയ്‌സ്വാള്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ രണ്ട് പന്തില്‍ നാല് റണ്‍സെടുത്ത ജയ്‌സ്വാളിനെ മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെ പുറത്താക്കി. രണ്ടാം ഇന്നിങ്സില്‍ ജയ്സ്വാളും രാഹുലും നാല് റണ്‍സ് വീതം എടുത്തുനില്‍ക്കവേ മഴ പെയ്യുകയും മത്സരം സമനിലയില്‍ കലാശിക്കുകയുമായിരുന്നു.

Content Highlights: Sunil Gavaskar issues stern warning to Yashasvi Jaiswal for his sledging mistake

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us