അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും ഓൾ റൗണ്ടറുമായ രവിചന്ദ്രൻ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു ഇന്ത്യൻ ക്രിക്കറ്റിൽ തലമുറമാറ്റം പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ. അധികം വൈകാതെ സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. വിരാട് കോഹ്‌ലിക്ക് 36 വയസ്സും രോഹിത് ശർമയ്ക്ക് 37 വയസ്സുമാണ് നിലവിൽ ഉള്ളത്. അതേ സമയം വിരാട് ഉടൻ വിരമിക്കില്ലെന്നും ഒരു അഞ്ച് വർഷം വരെ താരം ഇനിയും കളിക്കുമെന്ന് പറഞ്ഞ് വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ ആദ്യ കാല കോച്ചായ രാജ്കുമാർ ശർമ.
‘കരിയറിൽ താരത്തിന് ഫോം നഷ്ടമായിട്ടില്ലെന്നും പെർത്തിൽ സെഞ്ച്വറി നേടിയ താരം നാലാം ടെസ്റ്റിൽ മികച്ച പ്രകടനവുമായി തിരിച്ചുവരുമെന്നും രാജ്കുമാർ ശർമ പറഞ്ഞു. ‘കോഹ്‌ലി ഇപ്പോഴും ക്രിക്കറ്റ് ആസ്വദിച്ചു തന്നെയാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ ഫോം ഇവിടെ വിഷയമല്ല. കോഹ്‌ലിയെ എനിക്ക് കഴിഞ്ഞ 26 വർഷമായി അറിയാം. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്, 2027 ലെ ഏകദിന ലോകകപ്പും താരം കളിക്കും’ രാജ്കുമാർ ശർമ കൂട്ടിച്ചേർത്തു.
കോഹ്‌ലി ഭാര്യ അനുഷ്ക ശർമയും ലണ്നിലേക്ക് താമസം മാറാൻ ആലോചിക്കുന്നതായും രാജ്കുമാർ പറഞ്ഞു.‘ വിരാടിന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലേക്ക് പോയി താമസിക്കാൻ താൽപര്യമുണ്ട്. അദ്ദേഹം ഉടൻ തന്നെ ഇന്ത്യ വിട്ട് അവിടെ സ്ഥിരതാമസമാക്കും.’ രാജ്കുമാർ ശർമ പ്രതികരിച്ചു.
ബോർഡര്‍– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഓസ്ട്രേലിയയിലാണ് കോഹ്‌ലിയുള്ളത്. ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന താരം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലേക്ക് താമസം മാറിയിരുന്നു . 2017 ൽ ഇറ്റലിയില്‍ വെച്ചായിരുന്നു അനുഷ്‌കയുമായുള്ള വിവാഹം കഴിഞ്ഞത്. ഇവരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. വാമികയും അകായ് യും. അതേ സമയം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കോഹ്‌ലി പരമ്പരകൾ കഴിഞ്ഞാൽ ഇടവേളയെടുക്കുന്നത് ലണ്ടനിലായിരുന്നു. ഇരുവർക്കും ലണ്ടനിൽ ആസ്തികളുണ്ടെന്നും റിപ്പോർട്ടുണ്ട്.
Content Highlights: virat kohli continue his cricket career for next five years