വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം കുറിച്ച് പഞ്ചാബ് താരം അൻമോൾപ്രീത് സിങ്. ലിസ്റ്റ് എ ക്രിക്കറ്റിൽ അതിവേഗത്തിൽ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനായി അൻമോൾപ്രീത്. അരുണാചൽ പ്രദേശിനെതിരെ മത്സരത്തിൽ വെറും 35 പന്തുകൾ നേരിട്ടാണ് അൻമോൾപ്രീത് സെഞ്ച്വറി നേട്ടത്തിലെത്തിയത്. 45 പന്തിൽ 12 ഫോറും ഒമ്പത് സിക്സും സഹിതം 115 റൺസുമായി അൻമോൾപ്രീത് പുറത്താകാതെ നിന്നു.
ആഭ്യന്തര ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ എക്കാലത്തെയും വേഗത്തിലുള്ള മൂന്നാമത്തെ സെഞ്ച്വറിയുമാണിത്. ഓസ്ട്രേലിയയുടെ ജെയ്ക് ഫ്രെയ്സർ മക്ഗർഗും ദക്ഷിണാഫ്രിക്കൻ മുൻ താരം എ ബി ഡിവില്ലിയേഴ്സും മാത്രമാണ് ഈ നേട്ടത്തിൽ അൻമോൾപ്രതിന് മുമ്പിലുള്ളത്. മത്സരത്തിൽ അരുണാചൽ പ്രദേശ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം വെറും 12.5 ഓവറിലാണ് പഞ്ചാബ് മറികടന്നത്.
ടോസ് നേടിയ പഞ്ചാബ് അരുണാചൽ പ്രദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 42 റൺസെടുത്ത തെച്ചി നെറിയാണ് അരുണാചൽ പ്രദേശിന്റെ ടോപ് സ്കോറർ. ഹാർദിക് ഹിമൻഷു വർമ 38 റൺസുമെടുത്തു. പഞ്ചാബിനായി അശ്വിനി കുമാറും മായങ്ക് മാർക്കണ്ടെയും മൂന്ന് വീതം വിക്കറ്റുകളെടുത്തു. മറുപടി ബാറ്റിങ്ങിൽ 10 റൺസെടുത്ത ക്യാപ്റ്റൻ അഭിഷേക് ശർമയുടെ വിക്കറ്റ് മാത്രമാണ് പഞ്ചാബിന് നഷ്ടമായത്. പ്രഭ്സിമ്രാൻ സിങ് പുറത്താകാതെ 35 റൺസുമെടുത്തു.
Content Highlights: Punjab’s Anmolpreet Singh records fastest List A century by an Indian