ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മികച്ച ബൗളിങ് ആക്ഷനിലൂടെ ആരാധകരുടെ മനംകവര്‍ന്നിട്ടുള്ള പേസ് ബൗളറാണ് മുന്‍ താരമായ സഹീര്‍ ഖാന്‍. ഇപ്പോള്‍ മുന്‍ പേസറുടെ ബൗളിങ് ആക്ഷനുമായി വളരെയധികം സാമ്യമുള്ള ഒരു പെണ്‍കുട്ടിയുടെ ബൗളിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സഹീര്‍ ഖാനെ ടാഗ് ചെയ്താണ് സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
'സുഗമവും ആയാസരഹിതവുമായ ബൗളിങ്. കണ്ടിരിക്കാനും എന്ത് മനോഹരം. സുശീവ മീണയുടെ ബൗളിങ് ആക്ഷന്‍ താങ്കളുടെ ബൗളിങ് ആക്ഷനെ ഓര്‍മിപ്പിക്കുന്നു. താങ്കള്‍ക്കും അങ്ങനെ തോന്നുന്നുണ്ടോ സഹീര്‍?', സച്ചിന്‍ വീഡിയോ പങ്കുവെച്ച് എക്‌സില്‍ കുറിച്ചു.
Smooth, effortless, and lovely to watch! Sushila Meena’s bowling action has shades of you, @ImZaheer.
— Sachin Tendulkar (@sachin_rt) December 20, 2024
Do you see it too? pic.twitter.com/yzfhntwXux
ഒട്ടും വൈകാതെ വീഡിയോയ്ക്ക് സഹീര്‍ ഖാന്റെ മറുപടിയും എത്തി. 'താങ്കളല്ലേ ഇത്തരമൊരു സാദൃശ്യം ചൂണ്ടിക്കാണിച്ചത്. അതിനോട് യോജിക്കാതിരിക്കാന്‍ എനിക്ക് എങ്ങനെ കഴിയും? ആ പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ സുഗമവും ആകര്‍ഷകവുമാണ്. അവര്‍ നല്ല ഭാവിയുള്ള താരമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞു,' സഹീര്‍ എക്‌സില്‍ കുറിച്ചു.
You’re spot on with that, and I couldn’t agree more. Her action is so smooth and impressive—she’s showing a lot of promise already! https://t.co/Zh0QXJObzn
— zaheer khan (@ImZaheer) December 20, 2024
രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിൽ നിന്നുള്ള സുശീല മീണ എന്ന പെൺകുട്ടിയുടെ വീഡിയോയാണ് സച്ചിൻ ടെണ്ടുൽക്കർ പങ്കുവച്ചത്. സഹീർ ഖാനെ ഓർമിപ്പിക്കുന്ന ബോളിങ് ആക്ഷനുമായി ഈ പെൺകുട്ടി ബോൾ ചെയ്യുന്ന വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായികഴിഞ്ഞു. സ്കൂൾ യൂണിഫോം പോലുള്ള വസ്ത്രം ധരിച്ചുകൊണ്ട് ചെരിപ്പുപോലും ഇല്ലാതെയാണ് സുശീല പന്തെറിയുന്നത്.
Content Highlights: Sachin Tendulkar in awe of young girl's Zaheer Khan like bowling action, pacer reacts