പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ബംഗ്ലാദേശ് വനിതകളെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ സംഘം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.3 ഓവറിൽ ബംഗ്ലാദേശ് 77 റൺസിൽ ഓൾ ഔട്ടായി.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർ ഗോങ്കടി തൃഷയുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ നേടി നൽകിയത്. 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം തൃഷ 52 റൺസെടുത്തു. ഇന്ത്യൻ നിരയിൽ മറ്റാർക്കും വലിയ സംഭാവനകള്‍ നൽകാൻ കഴിഞ്ഞില്ല.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിനായി രണ്ട് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. 22 റൺസെടുത്ത ജുവൈരിയ ഫെർഡോസ് ആണ് ടോപ് സ്കോറർ. ഫഹ്മിദ ചോയ 18 റൺസും നേടി. ഇന്ത്യൻ ബൗളിങ് നിരയിൽ ആയുഷി ശുക്ല മൂന്ന് വിക്കറ്റുകളെടുത്തു. സോനം യാദവും പാരുണിക സിസോദിയയും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
Content Highlights: India crowned inaugural U-19 Women’s Asia Cup champion; beats Bangladesh in final