Jan 3, 2025
01:58 AM
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിന് ആശങ്കയായി സൂപ്പർ താരങ്ങളെ പരിക്ക് അലട്ടുന്നു. ശനിയാഴ്ച നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയുടെ കാൽമുട്ടിനു പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അധികം വേദനയില്ലാതിരുന്നതിനാൽ രോഹിത് പരിശീലനം തുടർന്നെങ്കിലും പിന്നീട് അധിക നേരം നീണ്ടില്ല. ചികിത്സ തേടിയ ശേഷമാണ് രോഹിത് ശർമ പിന്നീട് പരിശീലനത്തിന് ഇറങ്ങിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് മോശം പ്രകടനമാണ് രോഹിത് ശർമ നടത്തുന്നത്. കഴിഞ്ഞ 13 ഇന്നിംഗ്സുകളിൽ നിന്നായി 152 റൺസ് മാത്രമാണ് രോഹിത് ശർമയുടെ സമ്പാദ്യം. ഒരു തവണ മാത്രമാണ് അർധ സെഞ്ച്വറി പിന്നിട്ടത്. 11.83 ആണ് ബാറ്റിങ് ശരാശരി. എങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തുള്ള രോഹിത്തിന്‍റെ പരിക്കിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
നേരത്തെ പരിശീലനത്തിനിടെ മികച്ച ഫോമിലുള്ള കെ എൽ രാഹുലിന് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. താരത്തിന്റെ കൈയ്യിലാണ് പരിക്കേറ്റതെന്നാണ് സൂചനകൾ. നിലവിൽ ഓസീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൽ മികച്ച ഫോമിലുള്ള താരമാണ് കെ എൽ രാഹുൽ. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ വിലയേറിയ 26 റൺസും രണ്ടാം ഇന്നിംഗ്സിൽ 77 റൺസും രാഹുൽ നേടിയിരുന്നു.
രണ്ടാം ടെസ്റ്റിൽ രാഹുലിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ബ്രിസ്ബെയ്നിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ നിരയുടെ ടോപ് സ്കോററായിരുന്നു രാഹുൽ. 84 റൺസാണ് താരം ഇന്ത്യയ്ക്കായി നേടിയത്. നിലവിലത്തെ സാഹചര്യത്തിൽ രാഹുൽ കളിക്കാതിരിക്കുന്നത് ഇന്ത്യൻ ആരാധകർക്ക് ആലോചിക്കാൻ പോലും കഴിയില്ല.
Content Highlights: Injury scare for Rohit Sharma after blow to knee in Melbourne nets