ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ട്രാവിസ് ഹെഡിനെ ക്രീസിൽ നിലയുറപ്പിക്കാൻ അനുവദിക്കില്ലെന്ന് ഇന്ത്യൻ പേസ് ബൗളർ ആകാശ് ദീപ്. ട്രാവിസ് ഹെഡിനെതിരായ പ്ലാൻ തയ്യാറാണെന്നാണ് ഇന്ത്യൻ പേസറുടെ വാക്കുകൾ. 'ഷോർട്ട് ബോളുകൾ കളിക്കുക ട്രാവിസ് ഹെഡിന് ബുദ്ധിമുട്ടാണ്. അടുത്ത മത്സരം മുതൽ ഹെഡിനെ ക്രീസിൽ നിലയുറപ്പിക്കാൻ അനുവദിക്കില്ല. ചില മേഖലകളിൽ പന്തെറിഞ്ഞ് തെറ്റ് വരുത്താൻ ഹെഡിനെ നിർബന്ധിക്കും. അത് അയാളുടെ വിക്കറ്റ് സ്വന്തമാക്കാൻ ഇന്ത്യയെ സഹായിക്കും.' ആകാശ് ദീപ് പ്രതികരിച്ചു.
നാലാം ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാരുടെ പ്ലാൻ എന്താണെന്ന ചോദ്യത്തിനും ആകാശ് ദീപ് മറുപടി നൽകി. 'എല്ലാ പദ്ധതികളും പുറത്തുപറയാൻ കഴിയില്ല. അത് സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്ലാൻ ചെയ്യും. പേസ് ബൗളർമാരെന്ന നിലയിൽ ഒരുപോലുള്ള പന്തുകൾ തുടർച്ചയായി എറിയാൻ ശ്രമിക്കും. അത് ബൗളിങ്ങിൽ അച്ചടക്കം പാലിക്കാനാണ്. ഓവർ ദ വിക്കറ്റും എറൗണ്ട് ദ വിക്കറ്റും പന്തെറിഞ്ഞ് പിച്ചിന്റെ സ്ഥിതി പരിശോധിക്കും. അത് ഓരോ ബാറ്റർമാർക്കെതിരെയും കൃത്യമായ പദ്ധതികൾ ഉണ്ടാക്കാനാണ്' ആകാശ് ദീപ് വ്യക്തമാക്കി.
ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയിൽ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ റൺവേട്ടക്കാരിൽ മുന്നിലുള്ളത് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഇന്നിംഗ്സുകളിലായി 405 റൺസാണ് ട്രാവിസ് ഹെഡ് അടിച്ചുകൂട്ടിയിരിക്കുന്നത്. രണ്ട് സെഞ്ച്വറികൾ ഉൾപ്പടെയാണ് ഹെഡിന്റെ റൺവേട്ട.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26ന് ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
Content Highlights: We won't let Travis Head settle the crease, Akash Deep Reveals plan Aus ace batter