ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ നാലാം മത്സരത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ നേരിടാനൊരുങ്ങുമ്പോൾ പ്രധാനമായും ഇന്ത്യയെ അലട്ടുന്നത് ബാറ്റർമാരുടെ ഫോമില്ലായ്മയാണ്. മെല്‍ബണിൽ ബോക്സിങ് ഡേ ടെസ്റ്റിനിറങ്ങുമ്പോൾ മുൻനിരയിലെ ശുഭ്മാൻ ഗില്ലിന്റെ ഫോം ഒരു പ്രധാനപ്രശ്നമാണ്. ഈ സീരീസിൽ തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം നടത്താൻ ഗില്ലിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ 10 ഇന്നിങ്സുകളിലായി അദ്ദേഹത്തിന് ഒരു ഫിഫ്റ്റി മാത്രമാണ് ഉള്ളത്.
ഇപ്പോള്‍ ഗില്ലിനെ കുറിച്ചുള്ള ആശങ്കകൾ അവഗണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകനായ രോഹിത്. അഡലെയ്ഡില്‍ രണ്ട് ഇന്നിംഗ്‌സിലും നന്നായി തുടങ്ങാന്‍ ഗില്ലിന് സാധിച്ചിരുന്നു. എന്നാലത് വലിയ സ്‌കോറാക്കാന്‍ കഴിയാത്തത് നിർഭാഗ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമാണ് ഗില്‍. ഓസ്‌ട്രേലിയന്‍ പര്യടനം അവന് വെല്ലുവിളിയാണ്. എപ്പോഴും വലിയ സ്‌കോറുകള്‍ നേടാന്‍ സാധിക്കില്ല. ഗില്ലിന് കഴിവുണ്ട്. അതില്‍ ഞങ്ങള്‍ക്ക് വിശ്വാസവുമുണ്ട്. രോഹിത് പറഞ്ഞത് ഇങ്ങനെ.
ഇന്ത്യൻ ടീമിലെ സ്പിന്നറായി അക്സറിനെയും കുൽദീപിനേയും തഴഞ്ഞ് തനുഷ് കൊട്ടിയനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും രോഹിത് നയം വ്യക്തമാക്കി. ഒരു മാസം മുമ്പ് ഇന്ത്യയുടെ എ ടീമിനൊപ്പം തനുഷ് ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിസ പ്രശ്‌നം ഇല്ലായിരുന്നു. കുല്‍ദീപ് യാദവിന് വിസ ഉണ്ടായിരുന്നില്ല. തനുഷ് ഇവിടെ നന്നായി കളിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സിഡ്നിയിലോ മെല്‍ബണിലോ ഞങ്ങള്‍ രണ്ട് സ്പിന്നര്‍മാരെ ഉപയോഗിച്ച് കളിക്കേണ്ടി വരും. ഒരു ബാക്ക് അപ്പ് സ്പിന്നറെന്ന നിലയിലാണ് ഉള്‍പ്പെടുത്തിയത്.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26ന് ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
Content Highlights: Rohit Sharma about shubman gill form