തുടർച്ചയായ രണ്ടാം മത്സരവും വിജയിച്ച് വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ 115 റണ്‍സിനോട് ജയിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ പരമ്പര സ്വന്തമാക്കിയത്. വഡോദര സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് നേടിയത്. ഹര്‍ലീന്‍ ഡിയോളിന്റെ സെഞ്ച്വറിയുടെയും പ്രതിക റാവല്‍, ജമീമ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിവരുടെ അർധ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇന്ത്യ വലിയ ടോട്ടലിലേക്കെത്തിയത്. ഹര്‍ലീന്‍ ഡിയോൾ 103 പന്തിൽ 115 റൺസ് നേടിയപ്പോൾ പ്രതിക റാവല്‍ 76 റൺസും ജമീമ റോഡ്രിഗസ് 52 റൺസും മന്ദാന 53 റൺസും നേടി.
India with a comprehensive 115 run win Vs West Indies. 🇮🇳 pic.twitter.com/lw2W2uLurI
— Mufaddal Vohra (@mufaddal_vohra) December 24, 2024
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 46.2 ഓവറില്‍ 243ന് എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ ഹെയ്‌ലി മാത്യൂസ് ഒഴികെ മറ്റാരും വിന്‍ഡീസ് നിരയില്‍ തിളങ്ങിയിരുന്നില്ല. ഷെമെയ്ന്‍ കാംപെല്‍ 38 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. പ്രിയ മിശ്ര മൂന്ന് വിക്കറ്റ് നേടി. നേരത്തെ ആദ്യ ഏകദിനം ഇന്ത്യ 211 റൺസിന് വിജയിച്ചിരുന്നു. ടി 20 പരമ്പരയും 2-1 ന് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയിരുന്നു. ഡിസംബർ 27 നാണ് പരമ്പരയിലെ അവസാന ഏകദിനം.
Content Highlights: After the T20 series, the Indian women will also play the ODI series against the West Indies