ബോർഡർ-ഗാവസ്‌കർ ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റായ ബോക്‌സിങ് ഡേ ടെസ്റ്റ് നാളെ മെൽബണിൽ ആരംഭിക്കുകയാണ്. ഓസീസ് ഇതിനകം തന്നെ തങ്ങളുടെ ഇലവനെ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്ന ട്രാവിസ് ഹെഡ് കളിക്കുമെന്ന് കമ്മിൻസ് ഉറപ്പ് വരുത്തിയപ്പോൾ രണ്ട് മാറ്റങ്ങളാണ് ഓസീസ് നിരയിലുണ്ടാകാവുക.
നഥാൻ മക്‌സ്വീനിക്ക് പകരക്കാരനായി പത്തൊമ്പതുകാരനായ ഓപ്പണർ സാം കോൺസ്റ്റാസ് അരങ്ങേറ്റം കുറിക്കും. പരിക്കേറ്റ ജോഷ് ഹേസൽവുഡിന് വേണ്ടി പേസർ സ്കോട്ട് ബോളണ്ട് ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തും. നേരത്തെ പെർത്തിൽ ഹേസൽവുഡിന് പരിക്കേറ്റതിനെ തുടർന്ന് അഡലെയ്ഡിൽ ബോളണ്ട് കളിക്കുകയും അഞ്ച് വിക്കറ്റ് നേടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഹേസൽ വുഡ് ഫിറ്റ്നസ് തെളിയിച്ചതോടെ ഗാബ ടെസ്റ്റിൽ നിന്ന് താരം പുറത്തായി. ഇപ്പോൾ ഹേസൽവുഡിന് വീണ്ടും പരിക്ക് പറ്റിയതോടെ താരം വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്.
മറുവശത്ത് ഇന്ത്യ ഇലവനെ പ്രഖായിപ്പിച്ചിട്ടില്ലെങ്കിലും ചില നിർണ്ണായക മാറ്റങ്ങൾ അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നുണ്ട്. പരിശീലനത്തിനിടെ മുട്ടിന് പരിക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുന്നുണ്ട്. നേത്തെ താരം കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. താരം തന്നെയാണ് ഇതിൽ വ്യക്തത വരുത്തിയത്. കഴിഞ്ഞ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും പരാജയപ്പെട്ട മധ്യനിര പൊസിഷൻ മാറ്റി ഓപ്പണർ സ്ഥാനത്തേക്ക് രോഹിത് എത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ താൻ മധ്യനിരയിലാണ് കളിക്കുക എന്ന ഉറപ്പ് രോഹിത് പറഞ്ഞിരുന്നുവെങ്കിലും ഇത്തവണ കാത്തിരുന്ന് കാണാമെന്ന മറുപടിയാണ് മാധ്യമ പ്രവർത്തകർക്ക് നൽകിയത്.
മത്സരത്തിന് നടത്തിയ പത്രസമ്മേളനത്തിൽ രോഹിത് അധിക സ്പിന്നറെ കളിപ്പിക്കാൻ സാധ്യതയുണ്ടെന്ന സൂചനനൽകിയിരുന്നു. അങ്ങനെയെങ്കിൽ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ടീമിലെത്തും. രവീന്ദ്ര ജഡേജയും ടീമിലുണ്ടാകും. നിതീഷ് കുമാർ റെഡ്ഡിയെ പുറത്തിരുത്താനാണ് സാധ്യത. പേസർമാരായ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നിവർ സ്ഥാനം നിലനിർത്തും. എന്നാൽ കഴിഞ്ഞ മത്സരങ്ങളിലെല്ലാം സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ച നിതീഷിനെ പുറത്തിരുത്താൻ കോച്ച് ധൈര്യപ്പെടുമോ എന്ന ചോദ്യവും അവശേഷിക്കുന്നു.
Content Highlights: INDIA predicted team eleven in boxing day test vs australia