ലോകടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് പാക്കിസ്താനെതിരെ ബോക്സിങ് ഡേ ടെസ്റ്റിന് ഇറങ്ങാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഒന്ന് ജയിച്ചാൽ ദക്ഷിണാഫ്രിക്കക്ക് ലോകടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാം. ഈ ടെസ്റ്റ് പരമ്പരയിൽ നന്നായി പെർഫോം ചെയ്യാനുള്ള ഉത്തരവാദിത്തം ഇതോടെ വർധിച്ചിരിക്കുകയാണെന്ന് സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ നായകൻ ടെംബ ബാവുമ.
സ്വാഭാവികമായും ഞങ്ങൾക്ക് അതിന്റേതായ സമ്മർദമുണ്ട്. ഏതായാലും ഞങ്ങൾ 2- 0 ത്തിന് പരമ്പര തൂത്തുവാരാൻ തന്നെയാണ് ലക്ഷ്യമിടുന്നത്. ടീമെന്ന നിലയിൽ കൂട്ടായ പരിശ്രമത്തിലൂടെ ഞങ്ങൾക്ക് അത് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബാവുമ പറയുന്നത് ഇങ്ങനെ.
140 കിമീ വേഗതയിൽ എറിയുന്ന നാല് പേസർമാരെ ടീമിൽ ഉൾപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. കാഗിസോ റബാഡ, മാർക്കോ ജാൻസൺ, ഡെയ്ൻ പാറ്റേർസൺ, ബോസ്ക്ക് എന്നിവരാണവർ. സെഞ്ചൂറിയനിലെ പിച്ച് കഴിഞ്ഞ 6 വർഷമായി പേസർമാരെയാണ് തുണച്ചിട്ടുള്ളത്. 227 വിക്കറ്റുകളാണ് ഈ വർഷങ്ങളിൽ പേസർമാർ വീഴ്ത്തിയത്. 16 വിക്കറ്റുകൾ മാത്രമാണ് സ്പിന്നർമാർക്ക്.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റും വിജയിച്ചതോടെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ ദക്ഷിണാഫ്രിക്ക ഒന്നാമതായത്. ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25ൽ 10 മത്സരങ്ങളിൽ നിന്ന് ആറ് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്.
Content Highlights: Temba Bavuma gives stern message to teammates ahead of series against Pakistan