മോഡേൺ ക്രിക്കറ്റിലെ മഹാരഥന്മാരായി വാഴ്ത്തപ്പെടുന്നവരാണ് വിരാട് കോഹ്‌ലിയും സ്റ്റീവ് സ്മിത്തും. എന്നാൽ 2024 കലണ്ടർ വർഷം ഇരുവർക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. ബാറ്റ് കൊണ്ട് റെക്കോർഡുകളും നാഴിക കല്ലുകളും ഒരുപാട് കീഴടക്കിയ ഇരുവരുടെയും ഈ വർഷത്തെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതേ സമയം ഇവർക്ക് കൂടെ 'ഫാബ് ഫോർ' അംഗങ്ങളായ കെയ്ൻ വില്യംസണും ജോ റൂട്ടും ഒരു മികച്ച കലണ്ടർ വർഷമാണ് ആസ്വദിച്ചത്.
റൂട്ട് ആറ് സെഞ്ച്വറികളും വില്യംസൺ നാല് സെഞ്ച്വറികളും ഈ വർഷം നേടിയപ്പോൾ കോഹ്‌ലിക്കും സ്മിത്തിനും ഒരു സെഞ്ച്വറി വീതമേ നേടാൻ കഴിഞ്ഞുള്ളൂ, അതാകട്ടെ ഇരുവരും ഇപ്പോൾ നടക്കുന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ കണ്ടെത്തിയതാണ്. ഇത് ചൂണ്ടി കാട്ടുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനും കമന്ററേറ്ററുമൊക്കെയായ രവി ശാസ്ത്രി. ഇരു താരങ്ങളും ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്നും റൺസ് നേടാനുള്ള വിശപ്പും ഈ കണക്കുകളും ഇരുവരെയും കൂടുതൽ അപകടകാരികളാക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.
'സ്മിത്തിന്റെ തിരിച്ചു വരവ് നമ്മൾ കണ്ടതാണ്, കോഹ്‌ലി ഫോം ഔട്ടാണെന്ന് ഞാൻ കരുതുന്നില്ല, എന്നാൽ താരം അദ്ദേഹത്തിന്റെ പീക്ക് ടൈമിലല്ല, താരത്തിൽ നിന്ന് കൂടുതൽ ആഗ്രഹിക്കുന്നത് ആരാധകരേക്കാൾ താരം തന്നെയാണ്, അയാളെ ഇത് കൂടുതൽ വിശപ്പുള്ളവനാക്കുന്നു, അപകടകാരിയാക്കുന്നു' രവി ശാസ്ത്രി പറഞ്ഞു.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം നാളെ ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
Content Highlights: 'They'll be dangerous because they'll be hungry': Shastri on Kohli and smith