വിജയ് ഹസാരെ ട്രോഫിയിൽ കേരളവും മധ്യപ്രദേശും തമ്മിലുള്ള ആവേശകരമായ മത്സരം മഴയെ തുടർന്ന് ഫലമില്ലാതെ അവസാനിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 29.2 ഓവറിൽ 160 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ മധ്യപ്രദേശ് 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെന്ന സ്കോറിൽ നിൽക്കുമ്പോഴാണ് മഴ മത്സരം തടസപ്പെടുത്തിയത്. രണ്ട് ഓവർകൂടി എറിഞ്ഞിരുന്നെങ്കിൽ മഴനിയമപ്രകാരം ഒരു ടീമിന് വിജയിക്കാൻ കഴിയുമായിരുന്നു.
നേരത്തെ ടോസ് നേടിയ മധ്യപ്രദേശ് ടീം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനായി മുൻനിര താരങ്ങൾ ഭേദപ്പെട്ട തുടക്കം നൽകി. രോഹൻ കുന്നുന്മൽ 23, ജലജ് സക്സേന ഏഴ് പന്തിൽ 19, ഷോൺ റോജർ 39, ഷറഫുദീൻ എൻ എം 42 എന്നിങ്ങനെ സംഭാവന നൽകി. എന്നാൽ മറ്റ് താരങ്ങൾക്കാർക്കും തിളങ്ങാൻ കഴിയാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്.
മറുപടി ബാറ്റിങ്ങിൽ മധ്യപ്രദേശിനും തകർച്ച നേരിട്ടു. ഹാർഷ് ഗ്വാളി 36, രജത് പാട്ടിദാർ പുറത്താകാതെ 21 എന്നിങ്ങനെയാണ് മധ്യപ്രദേശ് നിരയിലെ സംഭാവനകൾ. കേരളത്തിനായി ജലജ് സക്സേന രണ്ട് വിക്കറ്റെടുത്തു. ആദിത്യ സർവാതെ, ഷറഫുദീൻ എൻ എം എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Content Highlights: Kerala vs Madhya Pradesh Vijay Hazare trophy group stage match has called off due to rain