'ഒരു പുഞ്ചിരി മാത്രം, ബുംമ്രയെ കണ്ടുപഠിക്കൂ മക്കളേ'; കോഹ്‌ലിക്കും സിറാജിനുമെതിരെ ഒളിയമ്പുമായി കൈഫ്

ഹെഡ്ഡിനെ പുറത്താക്കിയതിന് ശേഷം ബുംമ്രയില്‍ നിന്നും വലിയ വിക്കറ്റ് സെലിബ്രേഷന്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്

dot image

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെ വാനോളം പുകഴ്ത്തി മുന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ബാറ്റര്‍ ട്രാവിസ് ഹെഡിനെ ഡക്കിന് ബുംമ്ര പുറത്താക്കിയിരുന്നു. ബാറ്റുകൊണ്ട് ഇന്ത്യയ്ക്ക് പലപ്പോഴും തലവേദന സൃഷ്ടിച്ചിട്ടുള്ള ഹെഡ്ഡിനെ മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ഇന്‍സ്വിങ്ങറിലൂടെ ബുംമ്ര പുറത്താക്കുകയായിരുന്നു.

ഏഴ് പന്തുകള്‍ നേരിട്ട ഹെഡ്ഡിനെ ഒരു റണ്ണു പോലുമെടുക്കാന്‍ അനുവദിക്കാതെ പുറത്താക്കിയതിന് ശേഷം ബുംമ്രയില്‍ നിന്നും വലിയ വിക്കറ്റ് സെലിബ്രേഷന്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് വളരെ ശാന്തമായ രീതിയിലാണ് ബുംമ്ര വിക്കറ്റ് ആഘോഷിച്ചത്. ഇതിന് പിന്നാലെയാണ് ബുംമ്രയെ പ്രശംസിച്ച് കൈഫ് രംഗത്തെത്തിയത്. ഇന്ത്യയുടെ പല താരങ്ങളും ഇക്കാര്യത്തില്‍ ബുംമ്രയെ കണ്ടുപഠിക്കണമെന്നാണ് കൈഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'ഓസ്‌ട്രേലിയയുടെ പ്രധാന കളിക്കാരനായ ട്രാവിസ് ഹെഡിനെ പുറത്താക്കിയത് ബുംമ്ര എങ്ങനെയാണ് ആഘോഷിച്ചതെന്ന് നോക്കൂ. അതിരുകടന്ന ആഘോഷമോ അഗ്രസീവായ സെന്റ് ഓഫുകള്‍ക്കോ അദ്ദേഹം മുതിര്‍ന്നില്ല, ഒരു പുഞ്ചിരി മാത്രം. കുട്ടികള്‍ ഇതുകണ്ടുപഠിക്കണം. നിങ്ങളുടെ റോള്‍ മോഡലിനെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കണം', കൈഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ബുംമ്രയെ പുകഴ്ത്തുന്നതിലൂടെ അഗ്രസീവ് സെലിബ്രേഷന്‍ നടത്തി വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള മുഹമ്മദ് സിറാജിനെയും വിരാട് കോഹ്‌ലിയെയും പരോക്ഷമായി വിമര്‍ശിക്കുകയാണ് കൈഫ് ചെയ്യുന്നതെന്നാണ് ആരാധകരുടെ വാദം. അഡലെയ്ഡ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഹെഡ്ഡിനെ പുറത്താക്കിയ സിറാജ് വളരെ മോശമായ രീതിയിലാണ് പറഞ്ഞയച്ചത്. സിറാജിന്റെ ഈ പെരുമാറ്റം വലിയ വിവാദമാവുകയും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. വിരാട് കോഹ്‌ലി ഓസ്ട്രേലിയന്‍ യുവതാരം കോണ്‍സ്റ്റാസുമായി തര്‍ക്കമുണ്ടാക്കിയതും ചര്‍‌ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlights: Mohammad Kaif appreciates Jasprit Bumrah's restrained celebration of Head's wicket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us