19 കാരൻ പയ്യനെ കോഹ്‌ലി ചെന്ന് ചൊറിഞ്ഞു, ചെക്കൻ കേറി മാന്തി!; കോൺസ്റ്റാസിന് ഇത് സ്വപ്ന അരങ്ങേറ്റം

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം പരമ്പരയിൽ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നൽകിയത്

dot image

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ ബോക്സിങ് ഡേ ടെസ്റ്റ് മെൽബണിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഓരോ വീതം ജയം നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ വലിയ വീറും വാശിയുമാണ് താരങ്ങളിൽ നിന്ന് കാണാനാവുന്നത്. പരമ്പരയിൽ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കണ്ട താരങ്ങൾ തമ്മിലുള്ള വാക്കേറ്റവും പിരിമുറുക്കവും നാലാം ടെസ്റ്റിന്റെ ആദ്യ മണിക്കൂറിൽ തന്നെ കാണാനായി.

ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയും ഓസീസിന്റെ അരങ്ങേറ്റക്കാരനായ 19 കാരൻ സാം കോൺസ്റ്റാസും തമ്മിലായിരുന്നു അത്. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു. എന്നാൽ ഇത് ഓസ്‌ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ അധികം വൈകാതെ യുവ താരത്തിന്റെ ബാറ്റിങ് ചൂട് ഇന്ത്യ അറിഞ്ഞു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം പരമ്പരയിൽ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നൽകിയത്.

65 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കം 60 റൺസ് നേടി പുറത്തായ താരം ഇന്ത്യയുടെ സ്റ്റാർ പേസർ ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകൾ പറത്തി. കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റിൽ സിക്സർ വഴങ്ങാത്ത താരമാണ് ബുംമ്ര. ഇതിനിടയിൽ താരം നാലായിരത്തി അഞ്ഞൂറിനടുത്ത് പന്തുകളെറിയുകയും ചെയ്തു. ബുംമ്രയ്ക്കെതിരെ ഒരോവറിൽ 18 റൺസ് ചേർക്കാനും കോൺസ്റ്റാസിനായി.

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 30 ഓവർ പിന്നിടുമ്പോൾ 120 റൺസാണ് ഓസീസ് നേടിയത്. 42 റൺസെടുത്ത് ഉസ്മാൻ ഖവാജയും 12 റൺസെടുത്ത് ലാബുഷെയ്‌നുമാണ് ക്രീസിൽ. അതേ സമയം ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്. മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും. ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആതിഥേയര്‍ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 19കാരന്‍ സാം കോണ്‍സ്റ്റാസ് അരങ്ങേറ്റം കുറിച്ചപ്പോൾ പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിലെത്തി.

Content Highlights: virat kohli and sam konstas clash in border gavasker trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us