ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ സെലക്ടര്‍ എം എസ് കെ പ്രസാദ്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ പ്രസാദ് രംഗത്തെത്തിയത്. മെല്‍ബണ്‍ ടെസ്റ്റില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ പ്രസാദ് പെര്‍ത്ത് ടെസ്റ്റിലെ ജസ്പ്രീത് ബുംമ്രയുടെ ക്യാപ്റ്റന്‍സി മികവ് എടുത്തുപറയുകയും ചെയ്തു.
'രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് ചോദ്യങ്ങളും സംശയങ്ങളും ഞങ്ങള്‍ ഇതിനോടകം തന്നെ ഉന്നയിച്ചുകഴിഞ്ഞതാണ്. ഓസീസ് പരമ്പരയ്ക്ക് മുന്‍പ് ന്യൂസിലാന്‍ഡിനെതിരെ നടന്ന പരമ്പര നമുക്കുണ്ടായിരുന്നു. അതില്‍ നമ്മള്‍ പരാജയപ്പെട്ടു. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെടുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതിന് മുന്‍പ് നടന്നിട്ടില്ലാത്ത സംഭവമാണ്. എന്നാല്‍ രോഹിത് എല്ലാം മാറ്റിമറിച്ചു', പ്രസാദ് വ്യക്തമാക്കി.
MSK Prasad Said : “Rohit Sharma has got absolutely no runs in NZL series So he comes into this series He didn't play the first game, Bumrah led the side very well So he comes after the backdrop of continuous failures if he comes with some sort of a form that has direct impact on… pic.twitter.com/4qPPntMUgf
— Vipin Tiwari (@Vipintiwari952) December 27, 2024
'ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ രോഹിത്തിന് കാര്യമായ റണ്‍സൊന്നും അടിച്ചുകൂട്ടാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയയില്‍ ആണെങ്കില്‍ രോഹിത് ആദ്യ മത്സരം കളിച്ചിട്ടുമില്ല. ആ മത്സരം ബുംമ്ര വളരെ മികച്ച രീതിയിലാണ് നയിച്ചത്. എന്നാല്‍ തുടര്‍പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ രോഹിത് ശര്‍മ തിരിച്ചെത്തുകയായിരുന്നു', മുന്‍ സെലക്ടര്‍ ആഞ്ഞടിച്ചു.
'രോഹിത്തിന്റെ വരവ് ടീമിനെ നേരിട്ട് ബാധിച്ചുവെന്ന് ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നു. ഏത് ഫോമിലാണോ ക്യാപ്റ്റന്‍ വരുവന്നത് അത് ടീമിനെയും സ്വാധീനിക്കും. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷമാണ് രോഹിത് ടീമിലേക്ക് തിരിച്ചെത്തുന്നത്. അദ്ദേഹം ടീമിനെ നയിച്ച രീതിയില്‍ അത് പ്രകടവുമായിരുന്നു', പ്രസാദ് ചൂണ്ടിക്കാട്ടി.
'പല സാഹചര്യങ്ങളിലും രോഹിത് സജീവമല്ലായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ മത്സരം തന്നെ നോക്കിയാല്‍ സാം കോണ്‍സ്റ്റാസ് നല്ല ഫോമില്‍ ബാറ്റുവീശുന്ന സാഹചര്യത്തിലും 11 ഓവറുകളാണ് സിറാജിനും ബുംമ്രയ്ക്കുമായി നല്‍കിയത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയുടെ അവസ്ഥ ഇപ്പോള്‍ അങ്ങനെയാണ്. ക്യാപ്റ്റന്‍സിയുടെ ഭാരത്താല്‍ രോഹിത് ഏറെ ബുദ്ധിമുട്ടുകയാണ്', പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡിനെതിരെ വൈറ്റ് വാഷ് പരാജയം ഏറ്റുവാങ്ങിയാണ് ഇന്ത്യ ഓസീസ് മണ്ണിലെത്തിയത്. നിര്‍ണായകമായ ഓസീസ് പരമ്പരയിലെ ആദ്യ മത്സരം രോഹിത് ശര്‍മയ്ക്ക് നഷ്ടമായിരുന്നു. രണ്ടാം കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് വിട്ടുനിന്ന രോഹിത്തിന്റെ അഭാവത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയാണ് പെര്‍ത്തില്‍ ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.
അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പവും ക്യാപ്റ്റന്‍സി പദവിയിലേയ്ക്കും രോഹിത് ശര്‍മ തിരിച്ചെത്തി. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഓസീസ് പത്ത് വിക്കറ്റുകള്‍ക്ക് ഇന്ത്യയെ പരാജയപ്പെടുത്തി. ഗാബയില്‍ നടന്ന മൂന്നാം മത്സരം സമനിലയില്‍ പിരിയുകയും ചെയ്തു.
Content Highlights: Rohit Sharma's Captaincy Criticized by former BCCI selector MSK Prasad