'ഈഗോ ഹര്‍ട്ടായി' വീണ്ടും സിഗ്നേച്ചർ ഷോട്ട് കളിച്ചു; വിക്കറ്റ് നഷ്ടപ്പെടുത്തി റിഷഭ് പന്ത്, വിമര്‍ശനം

അനാവശ്യമായ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ പന്തിനെതിരെ രൂക്ഷമായ വിമര്‍ശനമുയരുകയാണ്

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ തീര്‍ത്തും നിരാശകരമായ രീതിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി റിഷഭ് പന്ത്. മെല്‍ബണിലെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ പന്ത് പുറത്തായിരുന്നു. 37 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ സ്‌കോട്ട് ബോളണ്ട് നഥാന്‍ ലിയോണിന്റെ കൈകളിലെത്തിച്ചാണ് മടക്കിയത്. എന്നാല്‍ റിഷഭ് പന്ത് വിക്കറ്റ് കളഞ്ഞുകുളിച്ച രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് പുനഃരാരംഭിച്ചത്. ഈ സാഹചര്യത്തില്‍ റിഷഭ് പന്തിന്റെ ബാറ്റിങ് പ്രകടനത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. റിഷഭ് പന്ത് ഭേദപ്പെട്ട രീതിയില്‍ ബാറ്റിങ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മോശം ഷോട്ട് കളിച്ച് പന്ത് വിക്കറ്റ് കളഞ്ഞുകുളിക്കുകയും ചെയ്തു.

ഇന്ത്യന്‍ ഇന്നിങ്‌സിലെ 56-ാം ഓവറിലെ നാലാം പന്തിലാണ് പന്ത് കൂടാരം കയറിയത്. പുറത്താവുന്നതിന് തൊട്ടുമുന്‍പ് സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ആദ്യം തന്റെ സിഗ്‌നേച്ചര്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും ടൈമിങ് തെറ്റി പന്ത് റിഷഭിന്റെ വയറില്‍ കൊണ്ടു. ഇതോടെ റിഷഭ് നിലത്തുവീഴുകയും ചെയ്തു.

പിന്നാലെ തൊട്ടടുത്ത പന്തില്‍ റിഷഭ് വീണ്ടും ഇതേ ഷോട്ടിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഷോട്ട് എഡ്ജായി തേര്‍ഡ് മാനിലേക്ക് എത്തുകയും അനായാസ ക്യാച്ചില്‍ നഥാന്‍ ലിയോണിന്റെ കൈകളിലെത്തിയതോടെ പന്ത് പുറത്തേക്ക്. അനാവശ്യമായ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ പന്തിനെതിരെ രൂക്ഷമായ വിമര്‍ശനമുയരുകയാണ്. പന്തിന്റെ ഈഗോ കാരണമാണ് വിക്കറ്റ് നഷ്ടമായതെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്.

Content Highlights: IND vs AUS: Rishabh Pant slammed for 'gift-wrapping' his wicket to Australia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us