'നന്ദിയുണ്ട് DSP'; നിതീഷിന്റെ സെഞ്ച്വറിയില്‍ സോഷ്യല്‍ മീഡിയയുടെ കൈയടി നേടി സിറാജ്, കാരണമിതാണ്

ഫോളോ ഓൺ ഭീഷണി ഒഴിവായെങ്കിലും ആരാധകരെ ഏറെനേരം ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തിയ ശേഷമായിരുന്നു നിതീഷിന്റെ സെഞ്ച്വറി പിറന്നത്

dot image

മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ട മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ ഒരു 21കാരന്റെ സെഞ്ച്വറിയിലൂടെ കരകയറിയിരിക്കുകയാണ്. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം യുവ ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഓസീസിനെതിരെ നിര്‍ണായക സെഞ്ച്വറി നേടി ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത്. എട്ടാമനായി ഇറങ്ങി 171 പന്തില്‍ മൂന്നക്കം തികച്ച നിതീഷ് തന്റെ ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് മെല്‍ബണില്‍ കുറിച്ചത്.

ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ച്വറി നേടി ഹീറോയായത് നിതീഷാണെങ്കിലും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജും കൂടി സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയാണ്. വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിന്ന് നിതീഷിന് കന്നി സെഞ്ച്വറിക്ക് വഴിയൊരുക്കി നല്‍കിയതിനാണ് ആരാധകര്‍ 'ഡിഎസ്പി സിറാജി'ന് നന്ദി പറയുന്നത്.

ഫോളോ ഓൺ ഭീഷണി ഒഴിവായെങ്കിലും ആരാധകരെ ഏറെനേരം ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തിയ ശേഷമായിരുന്നു നിതീഷിന്റെ സെഞ്ച്വറി പിറന്നത്. 90 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ നിതീഷ് അല്‍പം സമ്മര്‍ദത്തിലായി. സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തി കൂടെനിന്ന വാഷിങ്ടണ്‍ സുന്ദര്‍ കൂടി പുറത്തായതോടെ സമ്മര്‍ദം കൂടി. നിതീഷിന് അർഹിച്ച സെഞ്ച്വറി നഷ്ടപ്പെടുമോ എന്ന് ആരാധകർ ഭയന്നു. ബുംമ്ര ക്രീസിലെത്തിയതിന് പിന്നാലെ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ഒരു എല്‍ബിഡബ്ല്യു നിതീഷ് അതിജീവിച്ചു.

പാറ്റ് കമ്മിന്‍സന്റെ അടുത്ത ഓവറില്‍ ജസ്പ്രീത് ബുംമ്ര പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂടി. പിന്നാലെ അവസാന വിക്കറ്റായാണ് സിറാജ് ക്രീസിലെത്തിയത്. അപ്പോഴേക്കും നിതീഷ് 99 റണ്‍സിൽ നിൽക്കുകയായിരുന്നു. കമ്മിൻസിന്റെ ശേഷിച്ച മൂന്ന് തകർപ്പൻ പന്തുകൾ സിറാജ് അതിജീവിച്ചതോടെ എല്ലാവരുടേയും ശ്വാസം നേരെവീണു. സിറാജിന്റെ ഒരൊറ്റ വിക്കറ്റ് കൂടി വീണിരുന്നെങ്കില്‍ ഇന്ത്യ ഓൾഔട്ടാവുകയും സെഞ്ച്വറിയില്ലാതെ നിതീഷിന് ക്രീസ് വിടേണ്ടി വരികയും ചെയ്യുമായിരുന്നു.

എന്നാൽ‌ അടുത്ത ഓവറില്‍ ബോളണ്ടിനെ ബൗണ്ടറിയിലേക്ക് പറത്തി നിതീഷ് അർഹിച്ച സെഞ്ച്വറി നേടി. കന്നി സെഞ്ച്വറി നേടിയ നിതീഷിന്റെ ആഘോഷത്തിൽ സന്തോഷത്തോടെ പങ്കെടുത്ത സിറാജ് യുവതാരത്തെ അഭിനന്ദിക്കുകയും ചെയ്തു. പാറ്റ് കമ്മിൻസിന്റെ പന്തുകൾ പ്രതിരോധിച്ച് സഹതാരത്തെ സെഞ്ച്വറിയിലേക്ക് നയിച്ചതിനാണ് സോഷ്യൽ മീഡിയ സിറാജിന് നന്ദി പറയുന്നത്.

Content Highlights: IND vs AUS: Social Media Thanks DSP Siraj After Nitish Kumar Reddy's Century

dot image
To advertise here,contact us
dot image