ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. മെല്‍ബണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 474 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിന് 230 റണ്‍സിന് പിറകിലുള്ള ഇന്ത്യയ്ക്ക് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 30 റണ്‍സ് കൂടി നേടണം.
Lunch on Day 3 of the 4th Test.
— BCCI (@BCCI) December 28, 2024
India get 80 runs with a loss of two wickets in the morning session.
Scorecard - https://t.co/MAHyB0FTsR… #AUSvIND pic.twitter.com/CI81yXLaK4
എട്ടാമനായി ക്രീസിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്നത്. 61 പന്തില്‍ 40 റണ്‍സുമായി നിതീഷ് റെഡ്ഡിയും 27 പന്തില്‍ അഞ്ച് റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് പുനഃരാരംഭിച്ചത്. മൂന്നാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായി. പന്തിനെ സ്‌കോട്ട് ബോളണ്ട് നഥാന്‍ ലിയോണിന്റെ കൈകളിലെത്തിച്ചപ്പോള്‍ ജഡേജയെ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.
നേരത്തെ ഓസീസിനെ 474 റണ്‍സിന് ഓള്‍ഔട്ടാക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത രോഹിത്തിനെയും പിന്നീട് വണ്‍ഡൗണെത്തിയ രാഹുലിനെയും പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്. 53 പന്തില്‍ 21 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. പിന്നാലെയെത്തിയ ജയ്‌സ്വാളും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയ്ക്കായി 102 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി മുന്നോട്ടുപോവുകയായിരുന്നു.
നാലാം ദിവസം അവസാനിക്കാന്‍ പത്ത് ഓവര്‍ മാത്രം ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റിന് 153 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. 41-ാം ഓവറില്‍ ഓപണര്‍ ജയ്‌സ്‌വാള്‍ റണ്ണൗട്ടായതോടെയാണ് കാര്യങ്ങള്‍ ഇന്ത്യയുടെ കൈവിട്ടുപോയത്. 118 പന്തില്‍ 82 റണ്‍സെടുത്ത ജയ്‌സ്വാളിനെ പാറ്റ് കമ്മിന്‍സ് റണ്ണൗട്ടാക്കി.
തൊട്ടുപിന്നാലെ കോഹ്‌ലിയും ഔട്ടായി. 86 പന്തില്‍ 36 റണ്‍സെടുത്ത കോഹ്‌ലിയെ സ്‌കോട്ട് ബോളണ്ട് അലക്‌സ് ക്യാരിയുടെ കൈകളിലെത്തിക്കുകയായിരുന്നു. അവസാന ഓവറുകള്‍ നേരിടാന്‍ ക്രീസിലിറങ്ങിയ ആകാശ് ദീപാണ് ഇന്ത്യന്‍ നിരയില്‍ ഒടുവില്‍ പുറത്തായത്. 13 പന്തുകള്‍ നേരിട്ട താരത്തിന് റണ്ണൊന്നുമെടുക്കാന്‍ അനുവദിക്കാതെ സ്‌കോട്ട് ബോളണ്ട് തന്നെ പുറത്താക്കുകയായിരുന്നു.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഓസ്ട്രേലിയ 474 റണ്‍സിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്സാണ് കരുത്തായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംമ്ര നാല് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീതമെടുത്തു.
Content Highlights: India vs Australia, 4th Test Day 3: IND 244/7 vs AUS at Lunch in Melbourne