'ഏറ്റവും പ്രിയപ്പെട്ട നിമിഷം...' ഗ്യാലറിയില്‍ കണ്ണീരണിഞ്ഞ് നിതീഷിന്റെ പിതാവ്; ഹൃദ്യം ഈ കാഴ്ച

ഹൃദയം നിറയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

dot image

ബോക്‌സിങ് ഡേ ടെസ്റ്റില്‍ കിടിലന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡി. മെല്‍ബണിലെ മൂന്നാം ദിനം നിര്‍ണായകമായ ഇന്നിങ്‌സ് കാഴ്ച വെച്ച നിതീഷ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് കരകയറ്റുകയും ചെയ്തിരുന്നു. എട്ടാമനായി ഇറങ്ങി 171 പന്തില്‍ മൂന്നക്കം തികച്ച നിതീഷ് തന്റെ ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് മെല്‍ബണില്‍ കുറിച്ചത്.

സെഞ്ച്വറി നേടി നിതീഷ് കളിക്കളത്തില്‍ ഹീറോയായെങ്കിലും ഗ്യാലറിയില്‍ മറ്റൊരാളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. നിതീഷ് സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ താരത്തിന്റെ പിതാവ് സന്തോഷത്താല്‍ കരയുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാവുന്നത്. നിതീഷ് സെഞ്ച്വറിയോട് അടുക്കുമ്പോള്‍ തന്നെ അച്ഛന്‍ മുത്തിയാല റെഡ്ഡി ഗ്യാലറിയിലിരുന്ന് വികാരാധീനനാവുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഒടുവില്‍ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ബൗണ്ടറിയടിച്ച് നിതീഷ് സെഞ്ച്വറി തികച്ചപ്പോള്‍ പിതാവ് സന്തോഷം കൊണ്ട് കരയുകയായിരുന്നു. ഇതുകണ്ട് ഗ്യാലറിയില്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരുന്നവരും മുത്തിയാലയെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ഹൃദയം നിറയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട ഒരു ദിവസമാണിത്. ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല. 14 ‌വയസ് മുതൽ നിതീഷ് സ്ഥിരതയോടെയാണ് ക്രിക്കറ്റ് കളിക്കുന്നത്. ആ പ്രകടനം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വരെ എത്തി നിൽക്കുന്നു. ഏറ്റവും പ്രിയപ്പെട്ട നിമിഷമാണിത്, സംശയമൊന്നുമില്ല. വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടപ്പോൾ ആശങ്കയുണ്ടായിരുന്നു. ഒറ്റ വിക്കറ്റ് മാത്രമല്ലേ ശേഷിച്ചത്. സിറാജ് ഓസീസ് ബൗളിങ്ങിനെ പ്രതിരോധിച്ചുനിന്നതിന് നന്ദി’, നിതീഷിന്റെ പിതാവ് മുത്തിയാല റെഡ്ഡി പറഞ്ഞു.

Content Highlights: Nitish Kumar Reddy's Father Gets Emotional, Sheds Tears After Son Slams Ton At MCG

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us