ഐസിസിയുടെ 2024 ലെ പുരുഷ ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരനോമിനേഷൻ ലിസ്റ്റ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ പുതിയ ചർച്ചയുണ്ടാക്കിയിരിക്കുകയാണ്. പാക് താരവും അവരുടെ മുൻനായകനുമായ ബാബർ അസമിന്റെ പേര് കൂടി നോമിനേഷൻ ലിസ്റ്റിൽ ഉള്ളതാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയായത്. ബാബർ അസമിനെ ഉൾപ്പെടുത്തിയതിനൊപ്പം സ്റ്റാർ ബോളർ ജസ്പ്രീത് ബുംമ്ര ലിസ്റ്റിലില്ലാത്തതും ആരാധകരുടെ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. 2024 ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയശിൽപിയായിരുന്നു ബുംമ്ര. എട്ട് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടി ഇന്ത്യയുടെ വിജയങ്ങളിലെല്ലാം ബുംമ്രയുടെ പന്തുകൾ നിർണായകപങ്ക് വഹിച്ചിരുന്നു.
ബാബറിനെ സംബന്ധിച്ചിടത്തോളമാണെങ്കിൽ അത്രയൊന്നും നേട്ടങ്ങളുണ്ടാക്കാൻ ലോകകപ്പിൽ കഴിഞ്ഞിരുന്നില്ല. 4 മത്സരങ്ങളിൽ നിന്നായി വെറും 101.66 സ്ട്രൈക് റേറ്റിൽ 122 റൺസ് മാത്രമാണ് ബാബറിന് ലോകകപ്പിൽ നേടാൻ കഴിഞ്ഞത്. ഈ വർഷം ബാബർ 24 ടി20 മത്സരങ്ങളിൽ നിന്നായി 33.54 ശരാശരിയിൽ നേടിയത് 738 റൺസ് മാത്രമാണ്. റൺസ് ഉണ്ടെങ്കിലും പല മത്സരങ്ങളിലും ഇംപാക്ട് ആയേക്കാവുന്ന ടി20 ഇന്നിങ്സൊന്നുമായിരുന്നില്ല ബാബറിന്റേത്. ഇതാണ് ആരാധകർ വിമർശനവുമായും ട്രോളുമകളുമായും വരാനുള്ള പ്രധാന കാരണം. നിങ്ങൾക്ക് മാറിപ്പോയതാവും ഐസിസി എന്നൊക്കെ കമന്റുകളുമായി ആരാധകരും ഐസിസി പേജിൽ ട്രോളുകളുമായി വന്നിട്ടുണ്ട്. ഐസിസിയുടേത് കാഴ്ചപ്പാട് പരിഷ്ക്കരിക്കേണ്ടിയിരിക്കുന്നു എന്ന് ആരാധകർ പറയുന്നുണ്ട്.
This has to be joke of the year, Babar Azam is getting nomination over Jasprit Bumrah & Hardik Pandya, what's wrong with u ICC. https://t.co/xPEKybstmm
— Sagittarius♐ (@MidNightRain_32) December 29, 2024
ഐ സി സിയുടെ ലിസ്റ്റിൽ ഉള്ള താരങ്ങളിൽ പ്രധാനിയായിട്ടുള്ള ഒരാൾ ഇന്ത്യയുടെ അർഷദീപ് സിങ്ങാണ്. ഇതിനൊപ്പം സിക്കന്ദർ റാസ, ട്രാവിസ് ഹെഡ് എന്നിവരും ഉണ്ട്. അർഷദീപ് ഈ വർഷം മാത്രമായി 36 ടി20 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 18 മത്സരങ്ങളിൽ നിന്നാണ് ഇത്. സിക്കന്ദർ റാസയാവട്ടെ, സിംബാബ് വെയ്ക്ക് വേണ്ടി ഈ വർഷം മികച്ച ഓൾറൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ട്രാവിസ് ഹെഡാവട്ടെ, ഈ വർഷം 178.47 സ്ട്രൈക് റേറ്റിൽ 539 ടി20 റൺസ് നേടിയിട്ടുണ്ട്.
Content Highlights: Babar Azam nominated for ICC Men's T20I Cricketer of the Year award