'ഹാര്‍ദിക്കിനേക്കാള്‍ എന്തുകൊണ്ടും മികച്ചവനാണ്'; യുവ ഓള്‍റൗണ്ടറെ പ്രശംസിച്ച് ഗാവസ്‌കര്‍

മെല്‍ബണില്‍ ഇന്ത്യയുടെ മുന്‍നിരയും മധ്യനിരയും ഒരുപോലെ തകര്‍ന്നിട്ടു പോലും അവൻ വാലറ്റത്ത് നിന്ന് മികച്ച സെഞ്ച്വറിയോടെ ടീമിനെ ചുമലിലേറ്റി

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നും പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ വാനോളം പുകഴ്ത്തി മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഓസീസിനെതിരെ പല നിര്‍ണായക ഇന്നിങ്‌സുകളും കാഴ്ചവെച്ച നിതീഷ് മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ എട്ടാം നമ്പറില്‍ ഇറങ്ങി സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും തിളക്കമുള്ള യുവതാരങ്ങളില്‍ ഒരാളാണെന്ന് വിശേഷിപ്പിച്ച ഗാവസ്‌കര്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ചവനാണ് നിതീഷെന്നും അഭിപ്രായപ്പെട്ടു.

'പെര്‍ത്തിലെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ കഴിയുന്ന താരമാണെന്ന് നിതീഷ് തെളിയിച്ചു. തുടര്‍ന്നുള്ള ഓരോ മത്സരത്തിലും അവന്റെ മികവ് ശക്തമായി തെളിയിച്ചു', ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

'മെല്‍ബണില്‍ ഇന്ത്യയുടെ മുന്‍നിരയും മധ്യനിരയും ഒരുപോലെ തകര്‍ന്നിട്ടുപോലും നിതീഷ് വാലറ്റത്ത് സെഞ്ച്വറി തികച്ചു. മികച്ച പ്രകടനത്തോടെ ടീമിലെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ ലഭ്യമല്ലാത്തത് മുതല്‍ ഇന്ത്യ മീഡിയം പേസിലും ബാറ്റിങ്ങിലും ഒരുപോലെ കഴിവുള്ള ഓള്‍റൗണ്ടറെ തിരയുകയായിരുന്നു. നിതീഷിന്റ ബൗളിംഗ് ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാല്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹം തീര്‍ച്ചയായും ഹാര്‍ദ്ദിക്കിനേക്കാള്‍ മികച്ചതാണ്', ഗാവസ്‌കര്‍ പറഞ്ഞു.

മെല്‍ബണിലെ മൂന്നാം ദിനം നിര്‍ണായകമായ ഇന്നിങ്‌സ് കാഴ്ച വെച്ച നിതീഷ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് കരകയറ്റുകയും ചെയ്തിരുന്നു. എട്ടാമനായി ഇറങ്ങി 171 പന്തില്‍ മൂന്നക്കം തികച്ച നിതീഷ് തന്റെ ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് മെല്‍ബണില്‍ കുറിച്ചത്. 81 പന്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ നിതീഷ് 171-ാം പന്തിൽ മൂന്നക്കം തികയ്ക്കുകയും ചെയ്തു. സ്‌കോട്ട് ബോളണ്ടിനെ സ്‌ട്രൈറ്റ് ബൗണ്ടറി കടത്തി സെഞ്ച്വറി പൂര്‍ത്തിയാക്കിയായിരുന്നു താരം തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും അടിച്ചെടുത്തത്.

Content Highlights: Sunil Gavaskar said Nitish Reddy was a better batter than Hardik Pandya

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us