മോശം ആരോഗ്യനിലയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നതായി സൂചന. ആശുപത്രിയില്‍ നിന്ന് ഹിന്ദി ഗാനത്തിന് ചുവടുവെക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. താനെയിലെ ആകൃതി ഹോസ്പിറ്റലിലെ നഴ്‌സിനും ജീവനക്കാര്‍ക്കുമൊപ്പം 'ചക്‌ദേ ഇന്ത്യ' എന്ന പ്രശസ്തമായ ഗാനത്തിന് ചുവടുവെക്കുന്നതാണ് വീഡിയോ.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ആശുപത്രി കിടക്കയ്ക്ക് സമീപത്ത് നിന്ന് പ്രശസ്ത ഗാനത്തിനൊപ്പം പതിയെ ചുവടുവെയ്ക്കുന്ന കാംബ്ലിയെ കാണാം. ആശുപത്രിയിലെ നഴ്‌സിനൊപ്പം പാട്ടിന്റെ താളത്തിനൊത്ത് പതുക്കെ കാലുകളും കൈകളും ചലിപ്പിക്കുന്ന കാംബ്ലി 'ചക്ദേ ഇന്ത്യ' ഏറ്റുപാടുന്നതിനൊപ്പം ആവേശത്തിന്റെ കൊടുമുടിയിലെത്തുകയും ചെയ്യുന്നുണ്ട്.
Vinod Kambli danced in the hospital😀 #VinodKambli pic.twitter.com/uYxnZMbY1u
— Cricket Skyblogs.in (@SkyblogsI) December 31, 2024
നേരത്തെ മൂത്രാശയ അണുബാധയെയും പേശിവലിവിനെയും തുടര്‍ന്നാണ് 52 കാരനായ കാംബ്ലിയെ ഡിസംബര്‍ 21 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ വൈദ്യപരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. താനെയിലെ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കാംബ്ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.
എന്നാല്‍ നാളുകള്‍ക്ക് ശേഷം കാംബ്ലിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ ആരാധകര്‍ക്ക് ആശ്വാസമേകുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോക്ക് താഴെ ആരാധകരുടെ കമന്റുകളും നിറഞ്ഞു. പലരും കാംബ്ലി വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിച്ചു.
Content Highlights: Vinod Kambli dances to 'Chak De' at Thane hospital, video goes viral