ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരത്തിനിടെ നാണക്കേടിൻറെ റെക്കോർഡുമായി രാജസ്ഥാൻ റോയൽസിന്റെ മുൻ താരമായ വെസ്റ്റ് ഇൻഡീസ് പേസർ ഒഷേൻ തോമസ്. ഒരു പന്തിൽ 15 റൺസ് വിട്ടുകൊടുത്താണ് ഒഷേൻ തോമസ് നാണക്കേടിന്റെ റെക്കോർഡ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം ഖുൽന ടൈഗേഴ്സും, ചിറ്റഗോങ് കിങ്സും തമ്മിൽ നടന്ന ബിപിഎൽ മത്സരത്തിനിടെ ആയിരുന്നു സംഭവം നടന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഖുൽന ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ 203/4 എന്ന മികച്ച സ്കോർ നേടി. ചിറ്റഗോങ് കിങ്സ് ഇന്നിങ്സിന്റെ ആദ്യ ഓവറിലായിരുന്നു ഒഷേൻ തോമസിന്റെ ഈപന്ത്. ഒഷേൻ എറിഞ്ഞ പന്ത് നയീം ഇസ്ലാം ഉയർത്തിയടിക്കാൻ ശ്രമിച്ചെങ്കിലും മിഡോഫിൽ ക്യാച്ചായി മാറി. എന്നാൽ അത് നോബോളായിരുന്നു. ഫ്രീ ഹിറ്റ് എറിഞ്ഞ പന്തിൽ റൺസ് നേടാൻ ബാറ്റർക്ക് കഴിഞ്ഞില്ല.
അടുത്ത പന്ത് അദ്ദേഹം സിക്സറിന് പറത്തി, എന്നാൽ ആ പന്തും നോ ബോൾ ആയിരുന്നു. ഇതോടെ സമ്മർദ്ദത്തിലേക്ക് വീണ ഒഷേൻ തുടർച്ചയായി രണ്ട് വൈഡുകൾ എറിഞ്ഞു. ഇതിന് ശേഷം എറിഞ്ഞ ഫ്രീഹിറ്റ് പന്ത് ഫോറായി. എന്നാൽ അതും നോബോൾ തന്നെയായിരുന്നു. അങ്ങനെ ഒരൊറ്റ പന്തിൽ 15 റൺസാണ് വിൻഡീസ് പേസർ വിട്ടുകൊടുത്തത്.
15 runs off 1 ball! 😵💫
— FanCode (@FanCode) December 31, 2024
Talk about an eventful way to start the innings! #BPLonFanCode pic.twitter.com/lTZcyVEBpd
ഒരു പന്തിൽ 15 റൺസ് വഴങ്ങിയ ഒഷേൻ തോമസ് ആ ഓവറിലെ ശേഷിക്കുന്ന അഞ്ച് പന്തുകളിൽ മൂന്ന് റൺസ് കൂടി മാത്രമേ വിട്ടുകൊടുത്തുള്ളൂ. ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. എന്നാൽ തുടർച്ചയായി നോ ബോളുകൾ എറിഞ്ഞ താരത്തെ പിന്നീട് ക്യാപ്റ്റൻ ബൗളിങ്ങിന് കൊണ്ടു വന്നില്ല.
ഈ മത്സരത്തിൽ ഒഷേന്റെ ടീമായ ഖുൽന ടൈഗേഴ്സ് പക്ഷേ 37 റൺസിന്റെ ജയം നേടുകയും ചെയ്തു. അതേ സമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനായി 25 ഏകദിനങ്ങളും, 21 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് 27 കാരനായ ഒഷേൻ തോമസ്. ഏകദിനത്തിൽ 31 വിക്കറ്റുകളും ടി20 യിൽ 21 വിക്കറ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
Content Highlights: 15 runs in 1 ball! Oshane Thomas bizarre record in bangladesh premier league