ഓസ്‌ട്രേലിയയ്‌ക്കെതിരായ ബ്രിസ്‌ബേന്‍ ടെസ്റ്റിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിനെ വിമര്‍ശിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡാരില്‍ കള്ളിനന്‍. ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കെ പാതിവഴിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച അശ്വിന്റെ തീരുമാനത്തെയാണ് കള്ളിനന്‍ വിമര്‍ശിച്ചത്. അശ്വിന്റേത് സ്വാര്‍ത്ഥമായ തീരുമാനമാണെന്ന് തുറന്നടിച്ച കള്ളിനന്‍ ഇന്ത്യന്‍ താരത്തിന് പരമ്പരയുടെ അവസാനം വരെ കാത്തിരിക്കാമായിരുന്നെന്നും അഭിപ്രായപ്പെട്ടു.
'ഒരു പരമ്പര നടന്നുകൊണ്ടിരിക്കേ അശ്വിന്‍ ഒരിക്കലും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ പാടില്ലായിരുന്നു. അങ്ങനെ ചെയ്യാന്‍ അദ്ദേഹത്തെ അനുവദിക്കാനും പാടില്ലായിരുന്നു. അശ്വിന്‍ വിരമിച്ചത് തികച്ചും സ്വാര്‍ത്ഥമായ തീരുമാനമായിരുന്നു. ആ നീക്കത്തിന് പിന്നിലെ കാരണങ്ങള്‍ അദ്ദേഹം പരസ്യപ്പെടുത്തില്ലെന്ന് വ്യക്തമാണ്. പ്ലേയിങ് ഇലവനില്‍ തിരഞ്ഞെടുക്കപ്പെടാത്തതിലുള്ള വിരോധമാണ് അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നില്‍," കള്ളിനന്‍ ചൂണ്ടിക്കാട്ടി.
'പരമ്പരയുടെ പാതിവഴിയില്‍ വിരമിച്ചുമടങ്ങുന്നത് ടീമിനെ തകര്‍ത്തുകളഞ്ഞെന്നുവരാം. കുറച്ച് ആഴ്ചകള്‍ കൂടി അശ്വിന് കാത്തിരിക്കാമായിരുന്നു. അദ്ദേഹത്തിന് സിഡ്‌നി ടെസ്റ്റിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാമായിരുന്നു', കള്ളിനന്‍ കൂട്ടിച്ചേര്‍ത്തു.
#HTExlucsive | Former South Africa batter Daryll Cullinan spoke to @vroy38 to share his thoughts on Rohit Sharma's future, Ashwin's retirement, and Virat Kohli's formhttps://t.co/VGuChT8HfF
— CrickIt (@CrickitbyHT) January 2, 2025
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റായ ഗാബ സമനിലയായതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇതിഹാസ ഓള്‍ റൗണ്ടറായ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്. അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി അശ്വിന്‍ കളിചിരുന്നെങ്കിലും മികവ് പുലര്‍ത്താനായിരുന്നില്ല. ഇതോടെബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അശ്വിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലെ കളിക്കുശേഷം അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാര്‍ത്താ സമ്മേളനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ആറ് സെഞ്ചുറികളും 16 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. നിലവില്‍ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ അഞ്ചാമതും ഓള്‍ റൗണ്ടര്‍ റാങ്കിങ്ങില്‍ മൂന്നാമതുമാണ്.
Content Highlights: It was a selfish move, Former South Africa batter blasts R Ashwin ahead of BGT 2024-25 5th Test