ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ രോഹിത് ശർമ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ജസ്പ്രീത് ബുംമ്ര ഇന്ത്യൻ ടീമിന്റെ നായകനാകും. പരിക്കിനെ തുടർന്ന് ആകാശ് ദീപും അഞ്ചാം ടെസ്റ്റിന് ഉണ്ടാകില്ല. പകരക്കാരനായി പ്രസിദ് കൃഷ്ണ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചേക്കും. രോഹിത് ശർമയുടെ അഭാവത്തിൽ ശുഭ്മൻ ഗിൽ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയേക്കും. ഇന്ത്യൻ ഓപണർമാരായി യശസ്വി ജയ്സ്വാളിനൊപ്പം കെ എൽ രാഹുൽ തിരികെയെത്തും.
2024ൽ 14 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ 619 റൺസ് മാത്രമാണ് നേടിയത്. മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് രോഹിത് ശർമയുടെ അവസാന സെഞ്ച്വറി. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 30 റൺസ് മാത്രമാണ് രോഹിത് ശർമയുടെ സമ്പാദ്യം. പേസ് ബൗളർ ആകാശ് ദീപ് രണ്ട് മത്സരങ്ങളിൽ നിന്നായി അഞ്ച് വിക്കറ്റുകളാണ് നേടിയത്.
ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ജസ്പ്രീത് ബുംമ്ര നായകനായി തിരിച്ചെത്തിയാൽ പെർത്തിലെ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.
Content Highlights: Rohit Sharma Likely To Be 'Rested' For 5th Test Against Australia