ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം നഷ്ടമായതിന് പിന്നാലെ രോഹിത് ശർമയെ ഏകദിന ടീമിന്റെയും ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചന. അടുത്ത മാസം ഒടുവിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റിൽ രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ ഏകദിന ടീമിന്റെ നായകനാക്കാനാണ് ശ്രമം നടക്കുന്നത്. മുമ്പ് ഏകദിന ടീമിനെ നയിച്ചുള്ള അനുഭവ സമ്പത്തും ഹാർദിക്കിന് ഗുണം ചെയ്യും.
സമ്മർദ ഘട്ടങ്ങളിൽ ടീമിനെ നയിക്കാൻ ഹാർദിക്കിന് സാധിക്കും. ഓൾറൗണ്ടറായും ക്യാപ്റ്റനായും മികവ് പുലർത്താൻ ഹാർദിക് പാണ്ഡ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചാംപ്യൻസ് ട്രോഫി പോലുള്ള ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയെ നയിക്കാൻ ഹാർദിക്കിന് കഴിയുമെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന് മുമ്പായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും രോഹിത് ശർമയെ മാറ്റിയത്. മോശം പ്രകടനമാണ് രോഹിത് ശർമയുടെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് തിരിച്ചടിയായത്. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 30 റൺസ് മാത്രമാണ് രോഹിത് ശർമയുടെ സമ്പാദ്യം. 2024ൽ 14 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ 619 റൺസ് മാത്രമാണ് നേടിയത്. മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് രോഹിത് ശർമയുടെ അവസാന സെഞ്ച്വറി.
Content Highlights: Hardik Pandya to lead India in Champions Trophy 2025 if BCCI removes Rohit Sharma as captain