നിതീഷിന് ഇതെന്തുപറ്റി?, സെഞ്ച്വറിയടിച്ചപ്പോള്‍ പുകഴ്ത്തി വഷളാക്കിയോ?; നിരാശയില്‍ ആരാധകര്‍

സിഡ്നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായ നിതീഷ് രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി

dot image

ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന നിതീഷ് കുമാര്‍ റെഡ്ഡിയെ വിമര്‍ശിച്ച് ആരാധകര്‍. സിഡ്‌നിയില്‍ തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് നിതീഷ്. മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറി സ്വന്തമാക്കിയതിന് ശേഷം യുവ ഓള്‍റൗണ്ടറുടെ ബാറ്റിങ് പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായ നിതീഷ് രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി. ഇന്ത്യയ്ക്ക് വേണ്ടി ഏഴാമനായി ക്രീസിലെത്തിയ നിതീഷ് 21 പന്തില്‍ കേവലം നാല് റണ്‍സെടുത്താണ് പുറത്തായത്. രണ്ട് ഇന്നിങ്‌സുകളിലും സ്‌കോട്ട് ബോളണ്ടിനാണ് നിതീഷിന്റെ വിക്കറ്റ്.

മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലായിരുന്നു നിതീഷ് വെടിക്കെട്ട് സെഞ്ച്വറി അടിച്ചെടുത്തത്. എട്ടാമനായി ക്രീസിലെത്തിയ നിതീഷ് 189 പന്തില്‍ 114 റണ്‍സ് നേടി. ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കിയ നിതീഷിനെ സോഷ്യല്‍ മീഡിയയും ആരാധകരും വാനോളം പാടിപ്പുകഴ്ത്തിയിരുന്നു. എന്നാല്‍ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഏഴാം നമ്പറിലിറങ്ങിയ നിതീഷ് പ്രതീക്ഷകള്‍ തെറ്റിച്ചു. അഞ്ച് പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത നിതീഷിനെ നഥാന്‍ ലിയോണ്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

Nitish Kumar Reddy

സെഞ്ച്വറിക്ക് പിന്നാലെ തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സുകളിലും നിരാശപ്പെടുത്തിയതോടെ നിതീഷിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. സെഞ്ച്വറി നേടിയതിന് പിന്നാലെ വന്നുചേര്‍ന്ന പ്രശസ്തി നിതീഷിന്റെ ശ്രദ്ധ തെറ്റിച്ചെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. സെഞ്ച്വറിക്ക് മുന്‍പ് നിതീഷ് കൂടുതല്‍ സ്ഥിരതയോടെയാണ് ബാറ്റുവീശിയിരുന്നതെന്നും ആരാധകര്‍ പറയുന്നു.

Content Highlights: Fans Slams Nitish Kumar Reddy After poor Form in SCG

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us