ബോർഡർ-ഗാവസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണ. മത്സരം വിജയിക്കാനായി എത്ര റൺസ് അടിക്കണമെന്നത് ചിന്തിക്കുന്നില്ല. എങ്കിലും രണ്ടാം ഇന്നിംഗ്സിലും ഓസ്ട്രേലിയയെ ഓൾ ഔട്ടാക്കാനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം. പ്രസീദ് കൃഷ്ണ പറഞ്ഞു.
സിഡ്നിയിലെ പിച്ചിൽ ചില സമയം പന്ത് താഴ്ന്നാവും നീങ്ങുന്നത്. എന്നാൽ മറ്റ് ചില സമയങ്ങളിൽ മികച്ച ബൗൺസ് ഉണ്ടാകും. അത്തരം പന്തുകളിൽ എഡ്ജ് ലഭിക്കുകയും ബാറ്ററെ പുറത്താക്കാനും കഴിയും. രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ബൗളിങ് വിദഗ്ധരുമായി താൻ ചർച്ച നടത്തി. അത് മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ തനിക്ക് സഹായമായെന്നും പ്രസീദ് കൃഷ്ണ വ്യക്തമാക്കി.
മത്സരത്തിൽ 15 ഓവർ എറിഞ്ഞ പ്രസീദ് മൂന്ന് മെയ്ഡൻ ഓവർ ഉൾപ്പെടെ 42 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 181 റൺസിൽ ഓൾ ഔട്ടാക്കാനും ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു. നാല് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 185 റൺസിൽ എല്ലാവരും പുറത്തായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ 145 റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 33 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 61 റൺസെടുത്ത റിഷഭ് പന്തിന്റെ ഇന്നിംഗ്സ് ഇന്ത്യയ്ക്ക് കരുത്തായി. മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്സിൽ പരമാവധി ലീഡ് ഉയർത്താനാകും ഇന്ത്യൻ ശ്രമം.
Content Highlights: India Pacer's "Ready To Bowl Them Out" Warning For Australia