ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പര കൈവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകണം. ആഭ്യന്തര ക്രിക്കറ്റിന്റെ പ്രധാന്യം എത്രമാത്രമെന്ന് ഇപ്പോൾ എല്ലാവരും മനസിലാക്കണം. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറല്ലെങ്കിൽ മികച്ച താരങ്ങളെ ലഭിക്കുകയില്ലെന്നും ഗംഭീർ പ്രതികരിച്ചു.
പരമ്പരയിലെ ടീമിന്റെ തോൽവിയെക്കുറിച്ചും ഗംഭീർ പ്രതികരിച്ചു. പല മത്സരങ്ങളും ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിയുമായിരുന്നു. മെൽബണിൽ മികച്ച പോരാട്ടം പുറത്തെടുത്തു. അതുപോലെ സിഡ്നിയിൽ രണ്ടാം ഇന്നിംഗ്സിൽ കുറച്ചുകൂടെ നന്നായി ബാറ്റ് ചെയ്യാൻ കഴിയണമായിരുന്നു. ചില മേഖലകളിൽ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്നും ഗംഭീർ വ്യക്തമാക്കി..
അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കിയത്. മത്സരത്തിന്റെ മൂന്നാം ദിവസം 162 റൺസിന്റെ വിജയലക്ഷ്യമാണ് ഓസ്ട്രേലിയയ്ക്ക് മുമ്പിൽ വെയ്ക്കാൻ ഇന്ത്യക്ക് കഴിഞ്ഞത്. ആറിന് 141 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 157 റൺസിൽ എല്ലാവരും പുറത്തായി. പിന്നാലെ ഓസ്ട്രേലിയ അനായാസം ലക്ഷ്യത്തിലെത്തി. സ്കോർ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 185, ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 181. ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 157, ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 162-4.
10 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയൻ ടീം ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കുന്നത്. പരമ്പരയിൽ പെർത്തിൽ നടന്ന ആദ്യ മത്സരം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. ബ്രിസ്ബെയ്നിലെ മൂന്നാം ടെസ്റ്റ് സമനിലയിലായി. ബാക്കി മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്ട്രേലിയ പരമ്പര വിജയം സ്വന്തമാക്കി.
Content Highlights: I'd Want Everyone To Play Domestic Cricket, Says IND Coach