സിഡ്‌നി ടെസ്റ്റിലും പരാജയം വഴങ്ങിയതോടെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യതയും അടിയറവ് പറഞ്ഞിരിക്കുകയാണ് ടീം ഇന്ത്യ. ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ പത്ത് വര്‍ഷത്തോളമുള്ള ഇന്ത്യന്‍ ആധിപത്യം അവസാനിപ്പിക്കാനും തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനും ഓസീസിനും കഴിഞ്ഞു. പരാജയത്തിനിടയിലും ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള ഒരേയൊരു ഏടാണ് ജസ്പ്രിത് ബുംമ്ര.
Streets won't forget your contribution - Jasprit Jasbir Singh Bumrah. 🐐🇮🇳pic.twitter.com/9ZJQYq3osn
— Mufaddal Vohra (@mufaddal_vohra) January 5, 2025
പരമ്പര മുഴുവനും ഒരു ടീമിനെയും രാജ്യത്തെ ആരാധകപ്രതീക്ഷയെയും ഒന്നാകെ ചുമലിലേറ്റിയവന്‍. ബുംമ്ര പന്തെറിഞ്ഞില്ലായിരുന്നെങ്കില്‍ പരമ്പര ഏകപക്ഷീയമായിപ്പോയേനെയെന്ന് ഇതിഹാസ താരങ്ങളെ കൊണ്ടുപോലും പറയിപ്പിച്ചവന്‍. ബാറ്റിങ്ങിനേക്കാള്‍ ഇന്ത്യയുടെ ബൗളിങ് കാണാന്‍ ഇന്ത്യന്‍ ആരാധകരില്‍ ആവേശം നിറച്ചവന്‍.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും ഓസ്ട്രേലിയക്കെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്ത പേസര്‍ ജസ്പ്രിത് ബുംമ്രയാണ് പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. സിഡ്‌നി ടെസ്റ്റില്‍ 10 ഓവര്‍ മാത്രമെറിഞ്ഞ് പരിക്കേറ്റ് മടങ്ങിയെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകള്‍ ബുംമ്ര പിഴുതു. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റ് കൊണ്ടും തിളങ്ങിയിട്ടുണ്ട് ബുംമ്ര.
പരമ്പരയില്‍ ഇന്ത്യ ജയിച്ച ഏക ടെസ്റ്റ് നയിച്ചതും ബുംമ്രയാണ്. ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റില്‍ ബുംറയായിരുന്നു നായകന്‍. രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ബുംമ്ര 295 റണ്‍സിന്റെ കൂറ്റന്‍ വിജയം സമ്മാനിക്കുകയും ചെയ്തിരുന്നു. സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിട്ടു നിന്നപ്പോള്‍ ബുംമ്രയാണ് ഇന്ത്യയെ നയിച്ചത്. സിഡ്‌നിയിലെ രണ്ടാം ഇന്നിംഗ്‌സില്‍ പരിക്കുമൂലം ബുംമ്രയ്ക്ക് പന്തെറിയാനാവാഞ്ഞതാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ ഇല്ലാതാക്കിയത്.
Content Highlights: Jasprit Bumrah's Contributions in Border Gavaskar Test Series