അടുത്ത മാസം ആദ്യം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമയും വിരാട് കോഹ്‍ലിയും കളിച്ചേക്കുമെന്ന് റിപ്പോർട്ട്. മോശം ഫോം അലട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഇരുതാരങ്ങളും ഇംഗ്ലണ്ട് പരമ്പരയിൽ കളിക്കണമെന്നാണ് ബിസിസിഐ തീരുമാനം. അടുത്ത മാസം ഒടുവിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പായി ഇന്ത്യൻ ടീമിനുള്ള ഏക പരമ്പരയാണിത്.
ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-ഗാവസ്കർ ട്രോഫിയിലും സ്വന്തം മണ്ണിൽ നടന്ന ന്യൂസിലാൻഡിനെതിരായ പരമ്പരയിലും വിരാട് കോഹ്‍ലിയും രോഹിത് ശർമയും മോശം പ്രകടനമാണ് നടത്തിയത്. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ മൂന്ന് മത്സരങ്ങൾ കളിച്ച രോഹിത് ശർമയുടെ സമ്പാദ്യം 30 റൺസ് മാത്രമാണ്. കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിംഗ്സുകളിൽ 10 ലും രോഹിത് രണ്ടക്കം കണ്ടിട്ടില്ല. തുടർന്ന് അവസാന ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ താരത്തിന് ഇടവും ലഭിച്ചിരുന്നില്ല.
ഓസ്ട്രേലിയയ്ക്കെതിരെ പെർത്തിൽ സെഞ്ച്വറി നേടിയ കോഹ്‍ലിക്ക് പക്ഷേ, പരമ്പരയിലെ മറ്റ് മത്സരങ്ങളിൽ തിളങ്ങാൻ കഴിഞ്ഞില്ല. അഞ്ച് മത്സരങ്ങളിലെ 10 ഇന്നിംഗ്സുകളിലായി കോഹ്‍ലിക്ക് നേടാൻ കഴിഞ്ഞത് വെറും 190 റൺസ് മാത്രമാണ്. ഇതോടെ രോഹിത്തും കോഹ്‍ലിയും കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്. എങ്കിലും ഇരുവരും ഇംഗ്ലണ്ട് പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
Content Highlights: BCCI compels Rohit Sharma, Virat Kohli to play ODI series against England