ബോർഡർ-ഗാവസ്കർ ട്രോഫിയുടെ സമ്മാനദാന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കറിന്റെ ആരോപണത്തിൽ പ്രതികരണവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ്. ട്രോഫി ദാന ചടങ്ങിൽ അലൻ ബോർഡർക്കൊപ്പം സുനിൽ ഗാവസ്കർ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നു. സിഡ്നി ടെസ്റ്റ് വിജയിച്ച് ഇന്ത്യ ബോർഡർ-ഗാവസ്കർ പരമ്പര നിലനിർത്തിയിരുന്നെങ്കിൽ ട്രോഫി നൽകാനായി തീർച്ചയായും ഗാവസ്കറിനെ ക്ഷണിക്കുമായിരുന്നു. ഇക്കാര്യം ഗാവസ്കറെ അറിയിച്ചിരുന്നതായും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
ബോർഡർ-ഗാവസ്കർ പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് ട്രോഫി സമ്മാനദാന ചടങ്ങിൽ തന്നെ ക്ഷണിക്കാതിരുന്നതിൽ ഗാവസ്കർ അതൃപ്തി പ്രകടമാക്കിയത്. ട്രോഫി കൊടുക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന്, പരമ്പരയിൽ ജയിച്ചത് ഇന്ത്യയാണോ ഓസ്ട്രേലിയയാണോ എന്ന് നോക്കേണ്ട കാര്യമില്ല. ഓസീസ് കൂടുതൽ മികച്ച പ്രകടനം കാഴ്ചവച്ചു. അതുകൊണ്ട് അവർ പരമ്പര വിജയിച്ചു. താൻ ഇന്ത്യക്കാരനായതുകൊണ്ടാവും ട്രോഫി സമ്മാനിക്കാൻ വിളിക്കാതിരുന്നത്. പ്രിയ സുഹൃത്ത് അലൻ ബോർഡറിനൊപ്പം കിരീടം സമ്മാനിക്കുന്നതിൽ സന്തോഷം മാത്രമാണുള്ളത്. ഇത് ഇന്ത്യ–ഓസ്ട്രേലിയ പരമ്പരയാണ്. പരമ്പരയുടെ പേര് ബോർഡർ–ഗാവസ്കർ ട്രോഫി എന്നുമാണ്. ഇക്കാര്യം സംഘാടകർ ഓർക്കേണ്ടതായിരുന്നു. ട്രോഫി കൊടുക്കുന്ന സമയത്ത് താനും ഗ്രൗണ്ടിലുണ്ടായിരുന്നു. ഗാവസ്കർ പറഞ്ഞതിങ്ങനെയായിരുന്നു.
10 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയൻ ടീം ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കുന്നത്. പരമ്പരയിൽ പെർത്തിൽ നടന്ന ആദ്യ മത്സരം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. ബ്രിസ്ബെയ്നിലെ മൂന്നാം ടെസ്റ്റ് സമനിലയിലായി. ബാക്കി മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്ട്രേലിയ പരമ്പര വിജയം സ്വന്തമാക്കി.
Content Highlights: Cricket Australia ends silence after shocking Sunil Gavaskar snub for trophy presentation in Sydney