'കരിമ്പുനീര് പിഴിഞ്ഞെടുക്കുന്നതുപോലെ പരമാവധി ഉപയോഗിച്ചു'; ബുംമ്രയുടെ പരിക്കില്‍ മാനേജ്‌മെന്റിനെതിരെ മുന്‍താരം

'അവസാനം പന്തെറിയാന്‍ ഒട്ടും കഴിയാത്ത അവസ്ഥയിലേക്ക് അദ്ദേഹത്തിനെ ഒതുക്കുകയും ചെയ്തു'

dot image

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രിത് ബുംമ്രയുടെ പരിക്കില്‍ ടീം മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി മുന്‍ താരം ഹര്‍ഭജന്‍ സിങ്. സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിനം കഠിനമായ നടുവേദന കാരണം ഇന്ത്യയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായ ബുംമ്രയ്ക്ക് പൂര്‍ണമായും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. പരമ്പരയില്‍ ബുംമ്രയെ അമിതമായി ആശ്രയിക്കേണ്ടിവന്നതും വര്‍ക്ക് ലോഡുമാണ് താരത്തിന്റെ പരിക്കിന് കാരണമെന്നാണ് ഹര്‍ഭജന്‍ സിങ് ആരോപിക്കുന്നത്.

'കരിമ്പില്‍ നിന്ന് നീര് പിഴിഞ്ഞെടുക്കുന്നതുപോലെയാണ് നിങ്ങള്‍ ജസ്പ്രിത് ബുംമ്രയെ ഉപയോഗിച്ചത്. ട്രാവിസ് ഹെഡ് വന്നു, ബുംമ്രയ്ക്ക് പന്ത് നല്‍കൂ. മാര്‍നസ് ലബുഷെയ്ന്‍ വന്നു, പന്ത് ബുംമ്രയ്ക്ക് നല്‍കൂ. സ്റ്റീവ് സ്മിത്ത് വന്നു, പന്ത് ബുംമ്രയ്ക്ക് നല്‍കൂ, എന്നതുപോലെയായിരുന്നു പരമ്പരയിലുടനീളം ഇന്ത്യയുടെ സമീപനം', ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

'ബുംമ്രയ്ക്ക് എത്ര ഓവര്‍ ബൗള്‍ ചെയ്യാന്‍ സാധിക്കും? അവസാനം പന്തെറിയാന്‍ ഒട്ടും കഴിയാത്ത അവസ്ഥയിലേക്ക് അദ്ദേഹത്തിനെ ഒതുക്കുകയും ചെയ്തു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ അഞ്ചാം ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചേനെ. പക്ഷേ അവര്‍ക്ക് എട്ട് വിക്കറ്റെങ്കിലും നഷ്ടമാവുമായിരുന്നു. അവര്‍ക്ക് ഇത്ര എളുപ്പത്തില്‍ വിജയത്തിലെത്താന്‍ സാധിക്കുമായിരുന്നില്ല. ഇന്ത്യയുടെ ടീം മാനേജ്‌മെന്റാണ് ബുംമ്രയുടെ നട്ടെല്ല് തകര്‍ത്തത്. അദ്ദേഹത്തിന് എത്ര ഓവര്‍ നല്‍കണമെന്ന് മാനേജ്‌മെന്റ് തീരുമാനിക്കേണ്ടതായിരുന്നു,' ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Jasprit Bumrah
ജസ്പ്രിത് ബുംമ്ര

ബാേര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും ഓസ്‌ട്രേലിയക്കെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്ത പേസര്‍ ജസ്പ്രിത് ബുംമ്ര പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിഡ്നി ടെസ്റ്റില്‍ 10 ഓവര്‍ മാത്രമെറിഞ്ഞ് പരിക്കേറ്റ് മടങ്ങിയെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകള്‍ ബുംമ്ര പിഴുതു. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റ് കൊണ്ടും തിളങ്ങിയിട്ടുണ്ട് ബുംമ്ര. ബുംമ്ര പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ഇന്ത്യ കളി കൈവിട്ടത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ജസ്പ്രിത് ബുംമ്രയാണ് രോഹിത് ശര്‍മയ്ക്ക് പകരം ഇന്ത്യയെ നയിച്ചത്. സിഡ്നിയിലെ രണ്ടാം ദിന മത്സരം നടക്കുന്നതിനിടെയാണ് ആരാധകരെ ആശങ്കയിലാക്കി ബുംമ്ര ഗ്രൗണ്ട് വിട്ടിരുന്നു. ലഞ്ചിന് ശേഷം ഓരോവര്‍ മാത്രമെറിഞ്ഞ ബുംമ്ര ടീം ഡോക്ടര്‍മാര്‍ക്കൊപ്പമാണ് മൈതാനം വിട്ടത്. പിന്നാലെ സ്‌കാനിങ്ങിന് വിധേയനായ താരം രണ്ടര മണിക്കൂറിനുള്ളില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു.

ബുംമ്ര കളംവിട്ടതിന് ശേഷം വിരാട് കോഹ്ലിയാണ് ഫീല്‍ഡ് നിയന്ത്രിച്ചത്. സിഡ്‌നിയിലെ മൂന്നാം ദിനം പൂര്‍ണമായും ബുംമ്ര പുറത്തിരിക്കേണ്ടിവന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. മത്സരം ആറ് വിക്കറ്റിന് അടിയറവ് പറഞ്ഞ ഇന്ത്യ പരമ്പര 3-1ന് കൈവിടുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് യോഗ്യത നഷ്ടപ്പെടുത്തുകയും ചെയ്തു.

Content Highlights: Harbhajan Singh criticises Indian team for their overdependency on Jasprit Bumrah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us