സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പരാജയം വഴങ്ങിയതിന് പിന്നാലെ മുന്‍ താരം രവിചന്ദ്രന്‍ അശ്വിന് സോഷ്യല്‍ മീഡിയയില്‍ വലിയ അബദ്ധം സംഭവിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദേയാണെന്ന് തെറ്റിദ്ധരിച്ച് എക്‌സില്‍ അശ്വിന്‍ മറ്റൊരു അക്കൗണ്ടിന് മറുപടി നല്‍കുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ അശ്വിന്‍ പിന്നീട് കമന്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ആരാധകര്‍ ചര്‍ച്ചയാക്കുകയായിരുന്നു.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടുനിന്നിരുന്നു. ജസ്പ്രിത് ബുംമ്ര നയിച്ച മത്സരത്തില്‍ ആറ് വിക്കറ്റിന് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ അശ്വിന്റെ പോസ്റ്റിന് താഴെ Nishitha018 എന്ന പ്രൊഫൈലില്‍ നിന്ന് ഒരാള്‍ കമന്റിട്ടിരുന്നു. രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദേയുടെ പേരും ചിത്രവും ഉപയോഗിച്ചുകൊണ്ടുള്ള ഫേക്ക് പ്രൊഫൈലായിരുന്നു അത്.
'ഇന്ത്യയെ തൂത്തുവാരാമെന്നാണ് ഓസ്‌ട്രേലിയ കരുതിയത്', എന്നായിരുന്നു അശ്വിന്റെ പോസ്റ്റിന് താഴെ വന്ന കമന്റ്. രോഹിത്തിന്റെ ഭാര്യ തന്നെയായിരിക്കുമെന്ന് കരുതിയ അശ്വിന്‍ ഈ കമന്റിന് ഉടനെ തന്നെ മറുപടിയും നല്‍കി. 'ഹായ് റിതിക, സുഖമാണോ? നിങ്ങളുടെ കൊച്ചുകുട്ടിയോടും കുടുംബത്തോടും എന്റെ അന്വേഷണങ്ങള്‍ അറിയിക്കൂ', എന്നായിരുന്നു അശ്വിന്റെ മറുപടി.
Ravi Ashwin Ash Anna reply comment to Ritika Sejdeh on X..!!🤣 pic.twitter.com/Mxedo0shUM
— MANU. (@Manojy9812) January 5, 2025
ഫേക്ക് പ്രൊഫൈലില്‍ നിന്ന് വീണ്ടും അശ്വിന് മറുപടിയെത്തി. 'സുഖമായിരിക്കുന്നു അശ്വിന്‍ അണ്ണാ' എന്ന് യൂസര്‍ മറുപടി നല്‍കിയതോടയൊണ് അശ്വിന് അബദ്ധം പിണഞ്ഞെന്ന് മനസ്സിലായത്. അശ്വിന്‍ ഉടനടി മറുപടി ഡിലീറ്റ് ചെയ്‌തെങ്കിലും അതിനോടകം തന്നെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു..
നവംബറിലാണ് രോഹിത് ശര്‍മയും ഭാര്യ റിതിക സജ്‌ദേയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റത്. ആദ്യ കുഞ്ഞ് സമൈറയ്ക്ക് ശേഷം അഹാന്‍ എന്ന ആണ്‍കുഞ്ഞ് ജനിച്ചെന്ന് രോഹിത്തും റിതികയും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് രോഹിത് ഓസ്‌ട്രേലിയയ്‌ക്കെതിരെ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. രണ്ടാം ടെസ്റ്റില്‍ തിരികെയെത്തുകയും ചെയ്തു. ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് അശ്വിന്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Content Highlights: Ravichandran Ashwin's Big Blunder On X, Deletes Message Sent To Rohit Sharma's 'Wife'