
ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംമ്രയെ കളിക്കളത്തിൽ നേരിടുന്നതിലെ ബുദ്ധിമുട്ട് തുറന്നുപറഞ്ഞ് ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖ്വാജ. സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ പരിക്കിന്റെ പിടിയിലായിരുന്ന ബുംമ്രയെ ഖ്വാജയ്ക്ക് നേരിടേണ്ടി വന്നില്ല. പിന്നാലെയാണ് താൻ നേരിട്ടതിൽ ഏറ്റവും പ്രയാസമേറിയ ബൗളർ ബുംമ്രയാണെന്ന് ഖ്വാജ തുറന്നുപറഞ്ഞത്.
ബുംമ്രയ്ക്ക് പരിക്കേറ്റത് കഷ്ടമാണ്. എന്നാൽ അയാളെ നേരിടേണ്ടി വന്നില്ല എന്നതിൽ ദൈവത്തിന് നന്ദി പറയുന്നു. തീർച്ചയായും ബുംമ്രയെ നേരിടുന്നത് ഇപ്പോൾ ഏറെ വിഷമകരമാണ്. ബുംമ്രയ്ക്ക് പരിക്കാണെന്ന് അറിഞ്ഞപ്പോൾ തന്നെ മത്സരം വിജയിക്കാനുള്ള അവസരമാണിതെന്ന് ഓസീസ് ടീം കരുതി. താൻ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളർ ബുംമ്രയാണെന്നും ഖ്വാജ എബിസി സ്പോർട്ടിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
ബോർഡർ-ഗാവസ്കർ ട്രോഫിയിൽ 32 വിക്കറ്റുകളാണ് ജസ്പ്രീത് ബുംമ്ര നേടിയത്. ഈ പരമ്പരയിൽ മാത്രം ആറ് തവണ ഉസ്മാൻ ഖ്വാജയെ വീഴ്ത്തിയത് ബുംമ്രയാണ്. പരമ്പരയിൽ രണ്ട് തവണ മാത്രമാണ് ബുംമ്രയുടെ വെല്ലുവിളി മറികടന്ന് ഭേദപ്പെട്ട സ്കോർ നേടാൻ ഓസ്ട്രേലിയൻ ഓപണർക്ക് സാധിച്ചത്. അഞ്ചാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ ബുംമ്രയുടെ അസാനിധ്യത്തിൽ ഖ്വാജ 46 റൺസെടുത്തു.
Content Highlights: Usman Khawaja's Honest Take On Jasprit Bumrah's Absence