'എല്ലാം എന്റെ തെറ്റാണ്, ബുംമ്രയെ പ്രകോപിപ്പിക്കരുതായിരുന്നു'; സിഡ‍്നി വിവാദത്തിൽ മൗനം വെടിഞ്ഞ് കോണ്‍സ്റ്റാസ്‌

സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ദിനം ഗ്രൗണ്ടില്‍ ഇരുതാരങ്ങളും പരസ്പരം ഏറ്റുമുട്ടിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു

dot image

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുംമ്രയുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രതികരണവുമായി ഓസീസ് ഓപണര്‍ സാം കോണ്‍സ്റ്റാസ്. സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ദിനം ഗ്രൗണ്ടില്‍ ഇരുതാരങ്ങളും പരസ്പരം ഏറ്റുമുട്ടിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ പൂര്‍ണമായും തെറ്റ് തന്റെ ഭാഗത്തുതന്നെയാണെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് കോണ്‍സ്റ്റാസ്.

'ബുംമ്രയെ പ്രകോപിപ്പിച്ചതിന് ശേഷം നിര്‍ഭാഗ്യവശാല്‍ ഉസ്മാന്‍ ഖ്വാജ പുറത്തായി. അത് എന്റെ തെറ്റായിരുന്നു. കുറച്ചുസമയം കൂടി ക്രീസിലുറച്ചുനില്‍ക്കാന്‍ അവന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഇത് ക്രിക്കറ്റാണ് ഇങ്ങനെയെല്ലാം സംഭവിക്കാം', കോണ്‍സ്റ്റാസ് വ്യക്തമാക്കി.

'ബുംമ്രയ്ക്ക് വിക്കറ്റുലഭിച്ചു. അതിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനാണ്. പക്ഷേ ടീമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു', കോണ്‍സ്റ്റാസ് കൂട്ടിച്ചേര്‍ത്തു. ട്രിപ്പിള്‍ എം ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഡ്‌നിയിലെ ഒന്നാം ഇന്നിങ്സിൽ ബുംമ്ര ബൗൾ ചെയ്യാനെത്തിയപ്പോഴായിരുന്നു ചർച്ചക്കിടയാക്കിയ സംഭവം. ആദ്യ ഓവറിൽ ബുംമ്രയുടെ പന്തിനെ ബൗണ്ടറിയിലേക്ക് കടത്തിയ കോൺസ്റ്റാസ് ബുംമ്രയെ സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. ശേഷം തൊട്ടടുത്ത ഓവർ എറിയാൻ വന്നപ്പോഴും കോൺസ്റ്റാസ് ബുംമ്രയെ പ്രകോപിച്ചു.

ബുംമ്ര പന്തെറിയാൻ നിൽക്കുമ്പോഴായിരുന്നു പ്രകോപനം. ആ സമയത്ത് നോൺ സ്ട്രൈക്ക് എൻഡിലായിരുന്നു കോൺസ്റ്റാസ്. കോൺസ്റ്റാസിനോട് വാക്ക് കൊണ്ട് തർക്കിച്ച ബുംമ്ര തൊട്ടടുത്ത പന്തുകളിൽ തന്നെ ബാറ്റിംഗ് എൻഡിലുണ്ടായിരുന്ന ഖ്വാജയെ പുറത്താക്കി. ശേഷം നോൺ സ്‌ട്രൈക്കിലുണ്ടായിരുന്ന കോൺസ്റ്റാസിന് നേരെ നോക്കി ആഘോഷിക്കുകയും ചെയ്യുകയായിരുന്നു.

Content Highlights: Sam Konstas admits 'fault' in provoking Jasprit Bumrah, ending in Usman Khawaja's wicket

dot image
To advertise here,contact us
dot image