ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമെന്ന് അശ്വിൻ; എതിർപ്പുമായി ബിജെപി

ചെന്നൈയിലെ ഒരു എൻജിനീയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് അശ്വിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്

dot image

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ എന്ന നിലയിൽ അത് ഒരു ഔദ്യോഗിക ഭാഷ മാത്രമാണെന്നും പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ചെന്നൈയിലെ ഒരു എൻജിനീയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് അശ്വിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. വേദിയിൽവച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകൾ സംസാരിക്കാൻ അറിയാമോയെന്ന് അശ്വിൻ വിദ്യാർഥികളോട് ചോദിച്ചിരുന്നു. തുടർന്നായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള അശ്വിന്റെ പരാമർശം.

അശ്വിന്റെ പ്രതികരണത്തെ വലിയ കയ്യടികളോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. എന്നാൽ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിൻ ഭാഷാ വിവാദത്തിൽ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി നേതാവ് ഉമ ആനന്ദൻ മുന്നറിയിപ്പു നൽകി. 'ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിൻ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാൻ എനിക്കു താൽപര്യമുണ്ട്.’ ബിജെപി നേതാവ് കടന്നാക്രമിച്ചു.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റായ ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇതിഹാസ ഓള്‍ റൗണ്ടറായ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്. അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി അശ്വിന്‍ കളിച്ചിരുന്നെങ്കിലും മികവ് പുലര്‍ത്താനായിരുന്നില്ല. ഇതോടെബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അശ്വിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലെ കളിക്കുശേഷം അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാര്‍ത്താ സമ്മേളനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി താരം വിരമിക്കൽ പ്രഖ്യാപിച്ചതിനെ വിമർശിച്ചും പിന്തുണച്ചും മുൻ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ആറ് സെഞ്ചുറികളും 16 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

Content Highlights: Ashwin says that Hindi is not the national language, but only the official language; BJP with opposition

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us