ഇന്ത്യയ്‌ക്കെതിരായ സിഡ്‌നി ടെസ്റ്റ് മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ ചരിത്രനേട്ടത്തിന് തൊട്ടടുത്ത് വീണതിനെ കുറിച്ച് ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്ത്. 10,000 ടെസ്റ്റ് റണ്‍സെന്ന ചരിത്ര നേട്ടം കേവലം ഒരു റണ്‍സിനാണ് സ്മിത്തിന് സിഡ്‌നിയില്‍ നഷ്ടമായത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് സ്മിത്തിന്റെ പ്രതികരണം.
'ഒരു റണ്‍ നഷ്ടമായത് ആ സമയത്ത് വല്ലാതെ വേദനിപ്പിച്ചു. ഹോം ഗ്രൗണ്ടില്‍ എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മുന്നില്‍ വെച്ച് ആ ചരിത്ര നേട്ടത്തിലെത്താന്‍ സാധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷേ ശ്രീലങ്കയ്‌ക്കെതിരെ ഗാലെയില്‍ ആദ്യം തന്നെ എനിക്ക് ആ നാഴികക്കല്ലിലെത്താം', സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സ്മിത്ത് പറഞ്ഞു.
113 മത്സരങ്ങളിൽ നിന്ന് 9962 റൺസ് നേടിയിരുന്ന സ്മിത്തിന് സിഡ്നി ടെസ്റ്റിനിറങ്ങുമ്പോള്‍ 38 റണ്‍സ് മതിയായിരുന്നു 10,000 ടെസ്റ്റ് റൺസെന്ന നേട്ടത്തിലേക്ക് എത്താന്‍. ആദ്യ ഇന്നിംഗ്സില്‍ 33 റണ്‍സെടുത്തത്തോടെ 5 റൺസ് മാത്രമായിരുന്നു അതിലേക്കുള്ള ദൂരം. എന്നാൽ ഒരു റൺസ് അകലെ സ്മിത്ത് വീണു. പ്രസിദ് കൃഷ്ണയായിരുന്നു സ്മിത്തിന്‍റെ നിർണായക റെക്കോർഡിലേക്കുള്ള വഴി മുടക്കിയത്.
പ്രസിദിന്‍റെ ഷോര്‍ട്ട് പിച്ച് പന്തില്‍ ബാറ്റുവെച്ച സ്മിത്തിന് പിഴച്ചു. അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്ത പന്ത് സ്മിത്തിന്‍റെ ഗ്ലൗസിലും ബാറ്റിലും ഉരഞ്ഞ് ഉയര്‍ന്നപ്പോള്‍ യശസ്വി ജയ്സ്വാള്‍ പറന്ന് കൈയിലൊതുക്കി. ടെസ്റ്റിൽ 34 സെഞ്ച്വറികളും 41 അർധ സെഞ്ച്വറികളും നേടിയിട്ടുള്ള സ്മിത്ത് പരമ്പരയുടെ തുടക്കത്തിൽ മോശം ഫോമിലായിരുന്നു. എന്നാൽ പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇനി പതിനായിരം റൺസ് തികയ്ക്കാൻ സ്മിത്തിന് ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര വരെ കാത്തിരിക്കേണ്ടി വരും.
Content Highlights: Steve Smith On Missing Out On 10,000 Test Runs At Sydney