അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വരുണ്‍ ആരോണ്‍. 35-ാം വയസിലാണ് താരം ക്രിക്കറ്റ് മതിയാക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡ് ക്വാര്‍ട്ടറിലെത്താതെ പുറത്തായതിന് പിന്നാലെയാണ് ആരോണിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
കഴിഞ്ഞ സീസണിനൊടുവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ആരോണ്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് സജീവ ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'കഴിഞ്ഞ 20 വര്‍ഷമായി ക്രിക്കറ്റിന് വേണ്ടിയായിരുന്നു ഞാന്‍ ജീവിച്ചതും ശ്വസിച്ചതുമെല്ലാം. ഇന്ന് വളരെ വളരെ നന്ദിയോടെ ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കുകയാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു' എന്നായിരുന്നു ആരോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബിസിസിഐയ്ക്കും തന്റെ സംസ്ഥാന ടീമായ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും താരം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി ഏകദിനവും ടെസ്റ്റുമടക്കം 18 മത്സരങ്ങള്‍ കളിച്ച താരം 29 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കൂടാതെ 66 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 173 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2015 ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരേയാണ് വരുണ്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 2011 മുതല്‍ 2022 വരെ ഐപിഎല്‍ മത്സരങ്ങളിലും സജീവമായിരുന്നു. വിവിധ ടീമുകള്‍ക്കായി 52 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് താരം. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു വരുണ്‍.
Content Highlghts: indian fast bowler varun aaron has officially announced his retirement from international cricket