ഓസ്ട്രേലിയൻ ബിഗ് ബാഷ് ക്രിക്കറ്റിൽ അപൂർവ്വ നിമിഷം പിറന്നു. മകനെറിഞ്ഞ പന്തിൽ അടിച്ച സിക്സ് ഗ്യാലറിയിൽ പിടികൂടിയത് താരത്തിന്റെ പിതാവും. അഡ്ലൈഡ് സ്ട്രൈക്കേഴ്സും ബ്രിസ്ബെയ്ൻ ഹീറ്റ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂർവ്വ ക്യാച്ച് പിറന്നത്. അഡ്ലൈഡ് സ്ട്രൈക്കേഴ്സിനായി പേസർ ലയാം ഹസ്കറ്റ് എറിഞ്ഞ പന്തിൽ ലെഗ് സൈഡിലേക്ക് തകർപ്പൻ ഒരു ഷോട്ടിലൂടെ ബ്രിസ്ബെയ്ൻ ഹീറ്റ്സ് ബാറ്റർ നഥാൻ മക്സ്വീനി സിക്സർ നേടി. എന്നാൽ പന്ത് ഗ്യാലറിയിൽ പിടികൂടിയത് ഹസ്കറ്റിന്റെ പിതാവായിരുന്നു. ഓസ്ട്രേലിയൻ മുൻ താരം ആദം ഗിൽക്രിസ്റ്റാണ് കമന്ററി ബോക്സിൽ ഇക്കാര്യം വ്യക്തമാക്കിയത്.
No way!
— KFC Big Bash League (@BBL) January 11, 2025
Liam Haskett got hit for six by Nathan McSweeney. The guy in the crowd that caught the catch?
His DAD 😆 #BBL14 pic.twitter.com/qyVVGXNGxt
മത്സരത്തിൽ അഡ്ലൈഡ് സ്ട്രൈക്കേഴ്സ് 56 റൺസിന് വിജയിച്ചു. ടോസ് നേടിയ ബ്രിസ്ബെയ്ൻ ഹീറ്റ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. 109 റൺസെടുത്ത ക്യാപ്റ്റൻ മാറ്റ് ഷോർട്ടിന്റെ വെടിക്കെട്ടാണ് സ്ട്രൈക്കേഴ്സിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ക്രിസ് ലിൻ 47 റൺസും അലക്സ് റോസ് പുറത്താകാതെ 44 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ ബ്രിസ്ബെയ്ൻ നിരയിൽ നിന്ന് ആർക്കും വലിയ ഇന്നിംഗ്സുകൾ കളിക്കാൻ സാധിച്ചില്ല. 43 റൺസെടുത്ത നഥാൻ മക്സ്വീനിയാണ് ടോപ് സ്കോറർ. നിശ്ചിത 20 ഓവറിൽ 195 റൺസിൽ ബ്രിസ്ബെയ്ൻ ഓൾ ഔട്ടായി. നാല് വിക്കറ്റെടുത്ത ഡാർസി ഷോർട്ടാണ് അഡ്ലൈഡ് ബൗളിങ് നിരയിൽ തിളങ്ങിയത്.
Content Highlights: Liam Haskett Gets Hit for a Six, His Father Takes Catch in the Stands