ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്കെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച് മുന്‍ താരം റോബിന്‍ ഉത്തപ്പ. യുവരാജ് സിങ്ങിന് പുറമേ അമ്പാട്ടി റായുഡുവിനെ ടീമില്‍ നിന്ന് പുറത്താക്കിയതിന് കാരണവും കോഹ്‌ലിയാണെന്നാണ് ഉത്തപ്പ ആരോപിക്കുന്നത്. 2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മുന്‍ താരം അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയതിന് പിന്നില്‍ വിരാടിന് പങ്കുണ്ടെന്നാണ് ഉത്തപ്പയുടെ പുതിയ വെളിപ്പെടുത്തല്‍.
Robin Uthappa : "Virat Kohli played dirty politics with Ambati Rayudu and removed him from the 2019 World Cup squad due to personal grudges. This is what makes Rohit Sharma a better leader than him."
— V ☆ (@TrendTracerr) January 13, 2025
pic.twitter.com/u1Gw34Jcnr
'വിരാട് കോഹ്‌ലിക്ക് ഇഷ്ടപ്പെടാത്തവരോ അല്ലെങ്കില്‍ അദ്ദേഹത്തിന് നല്ലതല്ലെന്ന് തോന്നുന്നവരോ പിന്നെ ടീമില്‍ നിന്ന് പുറത്താണ്. അമ്പാട്ടി റായുഡു പ്രധാന ഉദാഹരണമാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കാര്യത്തില്‍ സങ്കടം തോന്നുമെന്നുറപ്പാണ്. എല്ലാവര്‍ക്കും അവരുടേതായ മുന്‍ഗണനകളുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ഒരു കളിക്കാരന് മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കപ്പെടരുത്. അത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം', ലല്ലന്‍ടോപ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.
ലോകകപ്പിനുള്ള ജഴ്‌സിയും സ്യൂട്ടുകളുമെല്ലാം റായുഡുവിന് ലഭിച്ചിരുന്നെങ്കിലും ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെന്നും ഉത്തപ്പ തുറന്നുപറഞ്ഞു. 'ലോകകപ്പിനുള്ള ജഴ്‌സികളും കിറ്റ്ബാഗുകളുമെല്ലാം റായുഡുവിന്റെ വീട്ടിലെത്തിക്കുക പോലും ചെയ്തിരുന്നു. ലോകകപ്പില്‍ കളിക്കുന്നതിന് അദ്ദേഹം മാനസികമായി ആഗ്രഹിക്കുകയും തയ്യാറെടുക്കുകയും ചെയ്തിരിക്കും. അവസാനം അയാള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചു. അത് അനീതിയാണ്. അങ്ങനെ ആരോടും ചെയ്യരുത്. കളിക്കാരനാണെങ്കിലും അയാളും മനുഷ്യനാണ്', ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
2019 ലോകകപ്പ് ടീമില്‍ നിന്ന് അമ്പാട്ടി റായുഡുവിനെ അവഗണിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. നാലാം നമ്പര്‍ താരമായി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിരുന്ന റായുഡുവിന് ഒരു സുപ്രഭാതത്തില്‍ ടീമില്‍ സ്ഥാനം ലഭിക്കാത്തത് ഏറെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. റായുഡുവിന് പകരം വിജയ് ശങ്കറാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയത്. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ അവഗണിച്ച് വിജയ് ശങ്കറിനെ ടീമില്‍ എടുക്കുക ആയിരുന്നു. ത്രി ഡി താരമാണ് വിജയ് ശങ്കര്‍ എന്നുള്ള അഭിപ്രായമാണ് പ്രസാദ് അന്ന് പറഞ്ഞ ന്യായീകരണം.
നേരത്തെ കാൻസർ മുക്തനായി തിരിച്ചെത്തിയ യുവരാജ് സിങ്ങിന്റെ പുറത്താകലിന് കാരണവും കോഹ്‌ലിയാണെന്ന് ഉത്തപ്പ ആരോപണം ഉന്നയിച്ചിരുന്നു. ഇന്ത്യക്കായി രണ്ട് ലോകകപ്പുകള്‍ ജയിച്ച് ജീവിതത്തില്‍ അതിനെക്കാള്‍ വലിയ പോരാട്ടം ജയിച്ചു വന്നയാളാണ് യുവി. എന്നാല്‍ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ യുവി കടുത്ത ഫിറ്റ്‌നെസ് ടെസ്റ്റ് പാസാവണമെന്ന് അന്ന് ക്യാപ്റ്റനായ കോഹ്ലി വാശിപിടിച്ചു, ചെറിയ ഇളവിനായി യുവി ക്യാപ്റ്റനെയും മാനേജ്മെന്റിനെയും സമീപിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല, ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ കഷ്ടപ്പെട്ട് ഫിറ്റ്‌നസ് ടെസ്റ്റ് ജയിച്ച് ടീമില്‍ തിരിച്ചെത്തിയ യുവിയെ ചാമ്പ്യന്‍സ് ട്രോഫിയിൽ ഫോമിലാവാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് പുറത്താക്കിയെന്നുമായിരുന്നു ഉത്തപ്പ പറഞ്ഞത്.
Content Highlights: Robin Uthappa Blames Virat Kohli for Ambati Rayudus 2019 World Cup Snub