നിലവിലെ ഇന്ത്യയുടെ സ്റ്റാർ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംമ്രയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവ്. അടുത്ത കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബുംമ്ര പല അസാധാരണ നേട്ടങ്ങളും നേടിയിരുന്നു. വിക്കറ്റ് നേട്ടത്തിന്റെ കാര്യത്തിലും കപിലിന്റെ പല റെക്കോർഡുകളും ബുംമ്ര മറികടക്കുകയും ചെയ്തിരുന്നു. ഇതോടെ ആരാധകർക്കിടയിലും ക്രിക്കറ്റ് വിദഗ്ധർക്കിടയിലും ബുംമ്രയാണോ കപിൽ ദേവാണോ മികച്ചത് എന്ന ചർച്ചകൾക്ക് തുടക്കമായിരുന്നു. ചിലർ ബുംമ്രയാണ് മികച്ചതെന്ന് പറയുമ്പോൾ ചിലർ കപിലിനൊപ്പം നിന്നു.
ഇതിനിടെയാണ് പ്രതികരണവുമായി കപിൽദേവ് രംഗത്തെത്തിയിരിക്കുന്നത്. 'ദയവായി എന്നെ ബുമ്രയുമായി താരതമ്യം ചെയ്യരുത്. ഒരു തലമുറയെ മറ്റൊരു തലമുറയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇന്ന് ഒറ്റ ദിവസം കൊണ്ട് 300 റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ട്. അത് നമ്മുടെ കാലത്ത് സംഭവിച്ചിട്ടില്ല, പിച്ചിന്റെ സ്വഭാവത്തിലും ക്രിക്കറ്റിന്റെ കാര്യത്തിലുമല്ലാം വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്, നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ബൗളർ ബുംമ്രയാണ്. അതിൽ എനിക്ക് സംശയങ്ങളൊന്നുമില്ല, പക്ഷെ താരതമ്യം ചെയ്യരുത്.' കപില്‍ പറഞ്ഞത് ഇങ്ങനെ.
ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകളിലെ ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 13.06 ശരാശരിയില്‍ 32 വിക്കറ്റാണ് ബുംമ്ര വീഴ്ത്തിയത്. മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഇതില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബുംമ്രയാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ ഒരു പരമ്പരയില്‍ മാത്രം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരവും ബുംമ്ര തന്നെ. 1977-78ല്‍ 31 വിക്കറ്റ് നേടിയിട്ടുള്ള ബിഷന്‍ സിംഗ് ബേദിയുടെ റെക്കോര്‍ഡാണ് ബുമ്ര മറികടന്നത്. ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമായും ബുംമ്ര പരമ്പരയിൽ മാറിയിരുന്നു.
അതേ സമയം സിഡ്നിയില്‍ നടന്ന അഞ്ചാം ടെസ്റ്റിനിടെ താരത്തിന് പരിക്കേറ്റിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബൗള്‍ ചെയ്യാനും കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരിക്ക് 2025 ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ സാന്നിധ്യത്തെയും ബാധിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ബുംമ്രയെ ഉള്‍പ്പെടുത്തുമെങ്കിലും ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ കളിക്കാന്‍ സാധ്യതയില്ല. അദ്ദേഹം ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്.
Content Highlights: 'Bumrah is the best, but don't compare him with me '; Kapil Dev gave the reason