ചാമ്പ്യൻസ് ട്രോഫി 2025; ഗംഭീറിന് ഇന്ത്യൻ ടീമിന്റെ പരിശീലകനായി തുടരാൻ ബിസിസിഐ നടത്തുന്ന അവസാന പരീക്ഷ

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന് മികവ് പുലർത്താനായിട്ടില്ലെങ്കിൽ പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ ബിസിസിഐ നീക്കുമെന്ന് റിപ്പോർട്ട്

dot image

അടുത്ത മാസം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന് മികവ് പുലർത്താനായിട്ടില്ലെങ്കിൽ പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ ബിസിസിഐ നീക്കുമെന്ന് റിപ്പോർട്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തു.

ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഗംഭീര്‍ ഇന്ത്യൻ പരിശീലകനായത്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി ബിസിസിഐ തെരഞ്ഞെടുത്തത്. എന്നാല്‍ ഗംഭീറിന് കീഴില്‍ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.' കരാർ എപ്പോഴും അതിന്റെ കാലാവധിയെ മാത്രം ആശ്രയിച്ചായിരിക്കില്ലെന്നും ഫലമായിരിക്കും മാനദണ്ഡമെന്നും ചാമ്പ്യൻസ് ട്രോഫി ഗംഭീറിന്റെ ടെസ്റ്റ് പാസായായിരിക്കുമെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

അതേ സമയം ശ്രീലങ്കക്കെതിരായ ടി20 പരമ്പര തൂത്തുവാരി തുടങ്ങിയ ഗംഭീര്‍ പക്ഷെ പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുകയായിരുന്നു. 27 വര്‍ഷത്തിനുശേഷമായിരുന്നു ഇന്ത്യക്കെതിരെ ശ്രീലങ്ക ഏകദിന പരമ്പര ജയിച്ചത്. പിന്നാലെ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങി. ഇതാദ്യമായാണ് നാട്ടില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയില്‍ 0-3ന് തോല്‍ക്കുന്നത്.

ഇതിനുശേഷം നടന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകള്‍ തോറ്റ് 1-3ന് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സ്ഥാനവും കൈവിട്ടു. ഇതിന് പിന്നാലെ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും കൂടി നിരാശപ്പെടുത്തിയാല്‍ ബിസിസിഐ കടുത്ത നടപടിയെടുക്കാന്‍ മടിക്കെല്ലെന്നാണ് റിപ്പോര്‍ട്ട്. തോൽവിക്ക് പുറമെ ക്യാപ്റ്റൻ രോഹിത് ശർമയുമായും മറ്റ് താരങ്ങളുമായും ഡ്രസിങ് റൂമിലും പുറത്തുമുള്ള അസ്വാരാസ്യങ്ങളും ബിസിസിഐയുടെ നിരീക്ഷണത്തിലാണെന്നും പിടിഐ തയ്യറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

Content Highlights: Champions Trophy; BCCI conducts final test for Gambhir to remain coach of Indian team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us