മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ അമ്പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ അതിഥിയായി മുന്‍ ഇന്ത്യൻ താരം വിനോദ് കാംബ്ലി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ അമ്പതാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള മുന്‍ താരങ്ങളെ ആദരിക്കുന്ന ചടങ്ങിനാണ് കാംബ്ലി എത്തിയത്. അസുഖബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കാംബ്ലി ഈ മാസമാദ്യമാണ് ആശുപത്രിവിട്ടത്.
എന്നാൽ പരിവാടിക്കെത്തിയ കാംബ്ലി പരസഹയായമില്ലാതെ നടക്കാന്‍ പോലും ബുദ്ധിമുട്ടി. വളരെ ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം പുരസ്കാരം വാങ്ങാൻ വേദിയിലേക്ക് വന്നതും ബുദ്ധിമുട്ടിയാണ്. മുന്‍ സഹതാരം സഞ്ജയ് മഞ്ജരേക്കറെയും വസീം ജാഫറെയും അഭിവാദ്യം ചെയ്ത കാംബ്ലി വേദിയിലുണ്ടായിരുന്ന സുനില്‍ ഗാവസ്കർക്ക് കൈ കൊടുത്തശേഷം കാലില്‍ തൊട്ട് അനുഗ്രഹം തേടി.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ ആദരവ് ഏറ്റുവാങ്ങിയശേഷം വാംഖഡെയില്‍ കളിച്ച ഓര്‍മകളും കാംബ്ലി പങ്കുവെച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ എന്‍റെ ആദ്യ ഇരട്ട സെഞ്ചുറി നേടിയത് ഇവിടെയാണ്. പിന്നീട് കരിയറില്‍ നിരവധി സെഞ്ചുറികള്‍ ഈ വേദിയില്‍ എനിക്ക് അടിക്കാനായി. എന്നെപ്പോലെയും സച്ചിനെപ്പോലെയും ഇന്ത്യക്കായി കളിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കഠിനാധ്വാനം ചെയ്യുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. കുട്ടിക്കാലം മുതല്‍ താനും സച്ചിനുമെല്ലാം അതാണ് ചെയ്തതെന്നും കാംബ്ലി പറഞ്ഞു.
അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് മുംബൈയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിനോദ് കാംബ്ലിക്ക് പിന്നീട് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചികിത്സകള്‍ക്കുശേഷം കാംബ്ലിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ മാസം ഗുരു രമാകാന്ത് അച്ഛരേക്കറുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനായി പൊതുവേദിയിലെത്തിയ കാംബ്ലിയുടെ ആരോഗ്യസ്ഥിതി കണ്ട് ആരാധകരും ആശങ്കയിലായിരുന്നു. ഇതിന് പിന്നാലെ കാംബ്ലി വാർത്തകളിൽ നിറഞ്ഞു.
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരങ്ങളായാണ് സച്ചിനെയും കാംബ്ലിയെയും കണ്ടിരുന്നത്. കരിയറിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറി നേടിയിരുന്നു കാംബ്ലി. പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളെ തുടർന്നാണ് താരം ഇന്ത്യൻ ടീമിനു പുറത്താകുന്നത്. മോശം ജീവിത ശൈലിയും ലഹരി ഉപയോഗവും താരത്തിന് തിരിച്ചടിയായി. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളിലും 104 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള കാംബ്ലിയുടെ ക്രിക്കറ്റ് കരിയറിന് 2004ൽ അവസാനമായി.
Content Highlights: Vinod Kambli Struggles To Walk At Wankhede Stadium Meeting With Sunil Gavaskar also Viral