ഓസീസ് പര്യടനത്തിനിടെ ഡ്രെസിങ് റൂം രഹസ്യങ്ങൾ ചോർത്തിയത് സർഫറാസ് ഖാൻ; യുവതാരത്തിനെതിരെ ​ഗംഭീർ രം​ഗത്ത്

ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു മത്സരത്തിലും സർഫറാസ് ഖാന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

dot image

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ഡ്രസിങ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ ഘട്ടത്തിലേക്ക്. യുവതാരം സര്‍ഫറാസ് ഖാനാണ് ടീമിലെ വിവരങ്ങൾ പുറത്തുവിട്ടതെന്ന ആരോപണവുമായി കോച്ച് ഗൗതം ഗംഭീര്‍ രം​ഗത്ത് വന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ബിസിസിഐയുടെ അവലോകന യോഗത്തിലാണ് ഗംഭീര്‍ സര്‍ഫറാസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ​ഗംഭീറിന്റെ ഈ ആരോപണം ബിസിസിഐയുടെ റിവ്യൂ മീറ്റിങ്ങിലാണ് ഉണ്ടായത്.

ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു മത്സരത്തിലും സർഫറാസ് ഖാന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. കിവീസിനെതിരായ ടെസ്റ്റ് സീരീസിൽ സെഞ്ച്വറി നേടിയിരുന്നെങ്കിലും പിന്നീട് വലിയ സ്കോറുകൾ നേടാൻ കഴിയാതിരുന്നതോടെയാണ് സർഫറാസിനെ ഓസീസ് പര്യടനത്തിൽ നിന്നും പൂർണമായും അവ​ഗണിച്ചത്. പകരം നിതീഷ് കുമാർ റെഡ്ഡിയെയായിരുന്നു പരി​ഗണിച്ചത്.

ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ആരംഭിക്കാനിരിക്കെ ആയിരുന്നു ഇന്ത്യൻ ടീമിനെ കൂടുതൽ പ്രതിരോധത്തിലാക്കിയ ഡ്രസിങ് റൂമിലെ വിവാദമുണ്ടായത്. നാലാം ടെസ്റ്റ് തോറ്റതോടെ 2-1 ന് പരമ്പരയിൽ ഇന്ത്യ പിന്നിലായിരുന്നു. തുടർന്ന് ഡ്രസിങ് റൂമിൽ ഗൗതം ഗംഭീർ നടത്തിയ വിമർശനങ്ങളാണ് ചർച്ചയായത്. സീനിയർ താരങ്ങളുടെ പ്രകടനത്തിൽ നിശിത വിമർശനമുന്നയിച്ച ഗംഭീർ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു അന്ന്.

സീനിയർ താരങ്ങളെ കൊണ്ട് തനിക്ക് മതിയായെന്നും പല കോണിൽ നിന്ന് താൻ ഇതിന്റെ പേരിൽ വിമർശനം നേരിടുകയാണെന്നും പറഞ്ഞ ഗംഭീർ ചില പുതുമുഖ താരങ്ങളാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും രക്ഷിക്കുന്നതെന്നും അന്ന് കൂട്ടിച്ചേർത്തു. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ക്യാപ്റ്റൻ രോഹിത് അടക്കമുള്ള മോശം ഫോമിൽ തുടരുന്ന താരങ്ങൾക്കെതിരെയാണ് വിമർശനം എന്ന രീതിയിലായിരുന്നു വ്യാഖ്യാനങ്ങൾ. ഡ്രസിങ് റൂമിലെ സംഭവം പുറം ലോകത്തെത്തിയതോടെ പല രീതിയിലുള്ള ചർച്ചകൾക്കും ഇത് വഴിമരുന്നിടുകയും ചെയ്തു.

കഴിഞ്ഞ ആറുമാസം നിങ്ങളുടെ ഇഷ്ടമനുസരിച്ച് കളിക്കാന്‍ ഞാന്‍ അവസരം നല്‍കി. ഇനിയത് പറ്റില്ല, ഇനി ഞാന്‍ പറയുന്നതുപോലെ കളിക്കാന്‍ തയ്യാറാവാത്തവര്‍ക്ക് പുറത്തുപോകാമെന്നും ഗംഭീര്‍ പറഞ്ഞുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് ഡ്രസിങ് റൂമിലെ ചർച്ചകൾ വ്യക്തിപരമോ ടീമിന്റെ ഭാഗമായോ നടക്കുന്നതാണെന്നും അത് അതിന് പുറത്തേക്ക് കൊണ്ടുപോകുന്നത് നല്ല പ്രവണതയല്ലെന്നും ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ തന്നെ രം​ഗത്ത് വന്നിരുന്നു. ടീമിനുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഗംഭീർ നിരാകരിക്കുകയും അവ 'വെറും റിപ്പോർട്ടുകൾ മാത്രമാണ്, സത്യമല്ല' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 'കോച്ചും കളിക്കാരും തമ്മിലുള്ള സംസാരങ്ങൾ ഡ്രസ്സിംഗ് റൂമിൽ തുടരണം. ചില സമയത്ത് വാക്കുകൾ കടുപ്പിക്കേണ്ടി വരും, എല്ലാ സമയത്തും ഒരേ മാനസികാവസ്ഥയിൽ സംസാരിക്കാൻ കഴിയണമെന്നില്ല, ഗംഭീർ അന്ന് പറഞ്ഞതിങ്ങനെ.

ഇപ്പോൾ അന്നത്തെ സംഭവങ്ങളുടെ മുന നീളുന്നത് സർഫറാസിന് നേരെയാവുമ്പോൾ തീർച്ചയായും വരും ദിവസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ പുകയുന്ന വിവാദങ്ങൾക്ക് പുതിയ മാനം വരുമെന്ന കാര്യത്തിൽ സംശയമില്ല. സര്‍ഫറാസിന്‍റെ നടപടി ഗംഭീറിനെ ചൊടിപ്പിച്ചുവെന്നും ഇത് സര്‍ഫറാസിന്‍റെ കരിയറിന് തന്നെ പ്രതികൂലമാകാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഭീര്‍ പരിശീലകനായി ഇരിക്കുന്നിടത്തോളം കാലം സര്‍ഫറാസ് ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓസീസ് പര്യടനത്തിലെ തോൽവിയോടെ ​ഗംഭീറിന്റെ കോച്ച് പദവിയും തുലാസിലാണ്.

content highlights: Gautam Gambhir Blames Sarfaraz Khan For Dressing Room Leaks During BGT

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us