ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ മത്സരങ്ങൾക്ക് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ പാക്കിസ്ഥാനിലേക്ക് തിരിക്കും. ചാംപ്യൻസ് ട്രോഫിയുടെ പാക്കിസ്താനിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽ ഇന്ത്യൻ ക്യാപ്റ്റനും പങ്കെടുക്കുമെന്നാണു പുറത്തുവരുന്ന വിവരം. ഫെബ്രുവരി 16, 17 തീയതികളിൽ ഒരു ദിവസം ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന പരിപാടികൾ ആഘോഷമായി നടത്താനാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്.
എല്ലാ ടീമുകളുടേയും ക്യാപ്റ്റൻമാർ ഉദ്ഘാടന വേദിയിലുണ്ടാകും. 29 വർഷങ്ങൾക്കു ശേഷമാണ് ഒരു ഐസിസി ടൂർണമെന്റ് പാകിസ്താനിൽ നടക്കുന്നത്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമൊപ്പം 1996ലെ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചതായിരുന്നു പാക്കിസ്ഥാനിൽ ഒടുവിൽ നടന്ന ഐസിസി ടൂർണമെന്റ്. ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കു തുടക്കമാകുക. ടൂർണമെന്റിലെ ഇന്ത്യയുടെ കളികൾ മാത്രം ദുബായിലാണു നടക്കുന്നത്.
ഇന്ത്യ സെമി ഫൈനലും ഫൈനലും കളിച്ചാൽ ആ മത്സരങ്ങളും ദുബായിലേക്കു മാറ്റും. അല്ലെങ്കിൽ ലഹോറാണ് ഫൈനൽ വേദിയായി തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കും പാകിസ്താനും പുറമേ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലദേശ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്റിൽ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ പാകിസ്താനും ന്യൂസിലാൻഡും ഏറ്റുമുട്ടും.
ഫെബ്രുവരി 23 ന് ദുബായിൽ വച്ചാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. അതേ സമയം താലിബാന്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും അഫ്‌ഗാനിസ്ഥാനെതിരെയുള്ള മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights: The team should not go; But the captain can go; Rohit to Pakistan for Champions Trophy inauguration